മരത്തംകോട് കിടങ്ങൂരിൽ വളർത്തുനായുടെ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു
text_fieldsകുന്നംകുളം: മരത്തംകോട് കിടങ്ങൂരിൽ വളർത്തുനായുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് കടിയേറ്റു. കിടങ്ങൂര്‍ സ്വദേശികളായ ചുങ്കത്ത് വീട്ടില്‍ ബിജുവിന്റെ മകന്‍ അലൻ (15), കേബിള്‍ ടി.വി ടെക്‌നീഷ്യൻ മണ്ടുമ്പാല്‍ ഫ്രാന്‍സിസിന്റെ മകന്‍ ഫെബിന്‍ (28), ഈച്ചരത്ത് വീട്ടില്‍ മുരളിയുടെ മകൻ നിവേദ് കൃഷ്ണ (10), കൊട്ടാരപ്പാട് വിട്ടില്‍ ശശിയുടെ മകന്‍ അഭിരാഗ് (12) എന്നിവര്‍ ഉൾപ്പെടെ എട്ടുപേർക്കാണ് കടിയേറ്റത്.
പരിക്കേറ്റ നാലുപേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
അപ്രതീക്ഷിതമായി ഓടിയെത്തിയ നായ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിവേദ് കൃഷ്ണനാണ് ആദ്യം കടിയേറ്റത്. വളർത്തുനായ് അതുവഴി വന്ന തെരുവുനായ്ക്കളെയും ആക്രമിച്ചു. സംഭവമറിഞ്ഞ് ഓടി കൂടിയവർ പിന്നീട് നായെ തല്ലിക്കൊന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമേ പേ വിഷബാധയുണ്ടോയെന്ന് അറിയാൻ കഴിയൂ. സംഭവത്തെ തുടർന്ന് മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മറിഞ്ഞുവീണ് ബൈക്ക് യാത്രികന് പരിക്ക്
പാവറട്ടി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. മുൻ പഞ്ചായത്ത് അംഗം എൻ.ജെ. ലിയോക്ക് (53) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം. നായ്ക്കൾ കൂട്ടത്തോടെ ബൈക്കിനു മുന്നിലേക്ക് ചാടുകയായിരുന്നു.
വെൻമേനാട് കുളത്തിങ്കൽ പടിക്ക് സമീപം ആണ് സംഭവം. ബൈക്കിൽനിന്ന് വീണ് തലക്കും കൈക്കും പരിക്കേറ്റ ഇയാളെ പാവറട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.