ബാലികക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചയാൾക്ക് ഒരു വർഷം കഠിന തടവും പിഴയും
text_fieldsകുന്നംകുളം: 10 വയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചയാൾക്ക് ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും കുന്നംകുളം പോക്സോ കോടതി വിധിച്ചു. ആർത്താറ്റ് കുന്നത്തുള്ളി വീട്ടിൽ സത്യനെയാണ് (47) കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
കുന്നംകുളം എസ്.ഐയായിരുന്ന ജിഫിൻ ചാക്കോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ശേഷം കുന്നംകുളം എസ്.ഐയായിരുന്ന ടി.പി. ഫർഷാദ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
കുന്നംകുളം എസ്.ഐയായിരുന്ന പി.എസ്. മണികണ്ഠൻ പുനരന്വേഷണം നടത്തിയ കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയിയും സഹായിക്കാൻ അഭിഭാഷകരായ അമൃത, അനുഷ എന്നിവരും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ രമ്യയും പ്രവർത്തിച്ചു.

