കുന്നംകുളത്ത് മോഷണ പരമ്പര: തമിഴ് യുവതി അറസ്റ്റിൽ
text_fieldsഹംസവേണി
കുന്നംകുളം: ബസുകളിലും തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തുന്ന തമിഴ് യുവതിയെ കുന്നംകുളം പൊലീസ് പിടികൂടി. തമിഴ്നാട് തിരുനെൽവേലി മാതാ കോവിൽ സ്വദേശിനി ഹംസവേണി (40) യെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ബസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മോഷണങ്ങളാണ് നടന്നത്. പൊലീസിന്റെ നേതൃത്വത്തിൽ മോഷ്ടാക്കൾക്കെതിരെ ജാഗ്രത പുലർത്താനുള്ള ലഘുലേഖ വിതരണവും ബോധവത്കരണവും നടത്തിയിരുന്നു.
ഓണത്തോടനുബന്ധിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്തുന്ന സ്ത്രീകളുടെ വൻ സംഘം നഗരത്തിൽ എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. പെരുമ്പിലാവിൽനിന്നും കുന്നംകുളത്തേക്ക് വരുന്ന ബസിൽ മഫ്ത്തിയിൽ പരിശോധന നടത്തുകയായിരുന്ന കുന്നംകുളം സ്റ്റേഷനിലെ സീനിയർ വനിത സിവിൽ പൊലീസ് ഓഫിസർ ഗീതയാണ് യുവതിയെ പിടികൂടിയത്. വിശദ പരിശോധനയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നാല് മോഷണക്കേസുകളിലെ പ്രതിയാണ് യുവതിയെന്ന് കണ്ടെത്തി.
തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ യുവതി ഉൾപ്പെടുന്ന സംഘം വ്യാപക മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കുന്നംകുളം മേഖലയിൽ മോഷണം വ്യാപകമായ സാഹചര്യത്തിൽ കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷ്, സബ് ഇൻസ്പെക്ടർ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ മോഷ്ടാക്കളെ പിടികൂടുന്നതിനായി വ്യാപക പരിശോധന നടത്തിവരുന്നതിനിടെയാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

