കലശമലക്കുന്ന് ഇനി ടൂറിസം വകുപ്പിന് സ്വന്തം
text_fieldsകുന്നംകുളം: മണ്ഡലത്തിലെ ടൂറിസം മേഖലക്ക് കുതിപ്പേകുന്ന കലശമല ഇക്കോ ടൂറിസം പദ്ധതിയിൽ ടൂറിസം പാര്‍ക്കിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. അകതിയൂര്‍ വില്ലേജിലെ വിവിധ സർവേ നമ്പറുകളില്‍ പെട്ട 12 ഏക്കർ ഭൂമിയാണ് ടൂറിസം വകുപ്പിന് വേണ്ടി റവന്യൂ വകുപ്പ് ഏറ്റെടുത്തത്. അഞ്ച് സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്ന ഭൂമി ഏറ്റെടുക്കാൻ 13 കോടി രൂപയാണ് വിനിയോഗിച്ചത്. ഇതോടെ നിലവിലെ രണ്ട് ഏക്കര്‍ ഭൂമി ഉള്‍പ്പെടെ കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് 14 ഏക്കര്‍ വിസ്തൃതിയായി.
എ.സി. മൊയ്തീന്‍ എം.എൽ.എ മന്ത്രിയായിരിക്കെയാണ് കലശമലയുടെ ടൂറിസം സാധ്യതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത്. 2019 ല്‍ നിലവിലെ പുറമ്പോക്ക് ഭൂമിയും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭൂമിയും ചേര്‍ത്ത് 2.20 കോടി ചിലവഴിച്ച് കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. പാര്‍ക്കിങ്, എന്‍ട്രന്‍സ്, ഗേറ്റ് വേ, ടിക്കറ്റ് കൗണ്ടര്‍, പാത്ത് വ്യൂയിംഗ് ഗ്യാലറി, ടോയ് ലെറ്റ്, കഫ്റ്റീരിയ, വ്യൂ പോയിന്റ്സ്, ഹെര്‍ബല്‍ ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ടാങ്ക് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത്.
പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ദിനംപ്രതി നിരവധി വിനോദ സഞ്ചാരികളാണ് കലശമലയിലെത്തുന്നത്. പത്മരാജന്റെയും ലോഹിതദാസിന്റെയും സിനിമകളിലെ ഫ്രെയിമുകളിലൂടെ മലയാളിക്ക് സുപരിചിതമാണ് കണ്ണാന്തളി പൂത്തുനിൽക്കുന്ന കലശമലക്കുന്ന്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, ഭൂതകണ്ണാടി, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങീ നിരവധി ചിത്രങ്ങളിൽ കലശമലക്കുന്നിന്റെ പ്രകൃതിരമണീയമായ സൗന്ദര്യം ചിത്രീകരിച്ചിട്ടുണ്ട്
രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിന് പത്തു കോടി രൂപയുടെ ഭരണാനുമതിക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു. എല്‍.എ ജനറല്‍ സ്പെഷ്യല്‍ തഹസില്‍ദാരെ ഭൂമി ഏറ്റെടുക്കലിന് ചുമലതപ്പെടുത്തുകയും കണ്ടിജന്‍സി ചാര്‍ജ് അടക്കുകയും ചെയ്തു. കളമശേരി രാജഗിരി ഔട്ട്റീച്ച് സർവിസ് ഇത് സംബന്ധിച്ച സാമൂഹികാഘാത പഠനവും നടത്തിയിരുന്നു.
ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ കലശമലയിലെ ടൂറിസം പദ്ധതികൾക്ക് പുത്തനുണർവേകാൻ സാധിക്കും. സംസ്ഥാന ബജറ്റിലുള്‍പ്പെടുത്തി 1.5 കോടി രൂപയുടെ കള്‍ച്ചറല്‍ സെന്ററും, എം.എല്‍.എ ആസ്തി വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം കലശമലയിലേക്കുള്ള റോഡും നിലവില്‍ ഭരണാനുമതി ലഭിച്ച് പ്രാരംഭഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

