കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടിയിലായവരിൽ ടെക്സ്റ്റെൽ ഉടമയും
text_fieldsകുന്നംകുളം: എം.ഡി.എം.എയുമായി കണ്ടെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. കുന്നംകുളത്തെ ഗുരുവായൂർ റോഡിലെ നഗരസഭ ഷോപ്പിങ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന എൽ.വി ലേഡീസ് ഗാർമെന്റ്സ് ഉടമ തൃശൂർ കാളത്തോട് കുറുക്കാമൂച്ചിക്കൽ വീട്ടിൽ റഫീഖ് (28), വരന്തരപ്പിള്ളി വേട്ടശ്ശേരി വീട്ടിൽ ഫൈസൽ (29) എന്നിവരെയാണ് കുന്നംകുളം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ റോഡിലെ ഭാരത് ബിൽഡിങിലെ മുറിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് ഒമ്പത് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നമസ്കരിക്കാനെന്ന എന്ന പേരിൽ മുറിയെടുത്തായിരുന്നു മാസങ്ങളായി സിന്തറ്റിക് ലഹരി കച്ചവടം നടത്തിയിരുന്നതെന്നും എക്സൈസിന് വ്യക്തമായിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം മുറിയിലെത്തുമ്പോൾ അഞ്ച് പേരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേർ ഉദ്യോഗസ്ഥരെ മദ്യക്കുപ്പി ഉപയോഗിച്ച് ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. വരന്തരപ്പിള്ളി സ്വദേശികളായ മൂന്ന് പേർക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മറവിലാണ് റഫീക്ക് മുറിയെടുത്തത്. ഈ മുറിയും റഫീക്കിന്റെ ടെക്സ്റ്റെൽ കടയും കേന്ദ്രീകരിച്ച് മാസങ്ങളായി വൻതോതിൽ ലഹരി കച്ചവടം നടന്നിരുന്നുവെന്നാണ് വിവരം.

