പൊതുയിടങ്ങളിൽ മാല മോഷ്ടാക്കൾ വിലസുന്നു
text_fieldsകുന്നംകുളം: നഗരത്തിലെ തിരക്കേറിയ പൊതുയിടങ്ങളില്‍ മാല പൊട്ടിക്കൽ സംഘം എത്തിയിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് രണ്ട് മാല മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരക്കേറിയ ബസുകളും വസ്ത്ര വിപണന ശാലകളും മറ്റുമാണ് ഇവർ തെരഞ്ഞെടുക്കുന്നത്. മോഷ്ടാക്കളെ കാറില്‍ കൊണ്ട് വന്ന് ബസില്‍ കയറ്റുകയും ബസിന് പിന്നാലെ കാറിലുള്ളവര്‍ സഞ്ചരിക്കുകയും മാല പൊട്ടിച്ച ഉടന്‍ ബസില്‍ നിന്നിറങ്ങുന്ന മോഷ്ടാക്കള്‍ പിറകിൽ വരുന്ന കാറില്‍ കയറി രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഉടമസ്ഥര്‍ അറിയുമ്പോഴേക്കും മോഷണ സംഘം സ്ഥലം വിടുകയാണ്. കൈയോടെ പിടികൂടിയാലും തൊണ്ടി മുതല്‍ ഒളിപ്പിക്കാനും ഈ സംഘത്തിന് അറിയും. കൂടുതലും സ്ത്രീകളാണ് രംഗത്തുള്ളത്.
ഇത്തരത്തിലുള്ള 800 പേരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും കുന്നംകുളം എ.സി.പി.യുടെ നേതൃത്വത്തില്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് ബസ് സ്റ്റാൻഡുകളിലും മറ്റും പ്രദര്‍ശിപ്പിക്കും. ബസുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നിർദേശമുണ്ട്. ഓണത്തിരക്കിനിടയില്‍ ജനങ്ങള്‍ തങ്ങളുടെ ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും ശ്രദ്ധിക്കണമെന്ന് അസി. പൊലീസ് കമീഷണർ സി.ആർ. സന്തോഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

