മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; മുങ്ങിയത് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ
text_fieldsകുന്നംകുളം: മക്കൾക്ക് ജ്യൂസിൽ എലിവിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, സ്വയം വിഷം കഴിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയും കടവല്ലൂർ ആനക്കല്ല് സ്കൂൾമേട് വീട്ടിൽ താമസക്കാരനുമായ മുത്തുവാണ് (29) തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ പൊലീസിനെ വെട്ടിച്ച് കടന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തോടെയാണ്, ഭാര്യ ഉപേക്ഷിച്ചതിന്റെ പേരിലുള്ള വിരോധത്താൽ മുത്തു മക്കളായ ഏഴ് വയസ്സുകാരൻ റിഥിൻ, ആറ് വയസ്സുകാരി റിഥിക എന്നിവർക്ക് ജ്യൂസിൽ എലിവിഷം കലർത്തി നൽകിയത്. പെരുമ്പിലാവ് മുക്കിലപ്പീടികയിലെ മുത്തുവിന്റെ സഹോദരി കവിതയുടെ വീട്ടിലായിരുന്നു സംഭവം. മക്കൾ ഇത് കുടിച്ചതിന് പിന്നാലെ മുത്തുവും ഇതേ വിഷം കഴിച്ച് ജീവനൊടുക്കാൻ തുനിഞ്ഞു.
മൂവരും അവശനിലയിലായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തുടർന്ന് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തു പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് ചാടിപ്പോയത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. കുന്നംകുളം സ്റ്റേഷൻ ഓഫിസർ ആശുപത്രിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

