സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ വഴിയിലിറക്കി; ബസ് കസ്റ്റഡിയിലെടുത്തു
text_fieldsകുന്നംകുളം: യാത്രക്കാരെ വഴിയിലിറക്കി ബസ് സ്റ്റാൻഡിൽ കയറാത്ത ദീർഘദൂര സ്വകാര്യ ബസുകൾക്കെതിരെ നടപടി തുടങ്ങി. മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും ബസുകൾ സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ വഴിയിലിറക്കിവിടുന്നത് തുടർന്നതോടെയാണ് നടപടി തുടങ്ങിയത്.
സ്റ്റാൻഡിൽ കയറാതെ അശ്രദ്ധമായും വൺവേ തെറ്റിച്ചും സർവിസ് നടത്തിയ ഗുരുവായൂർ -പാലക്കാട് റൂട്ടിലോടുന്ന ദർഷൻ ബസ് കുന്നംകുളം സി.ഐ വി.സി. സൂരജ് പിടിച്ചെടുത്തു. ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ യാത്രക്കാരെ റോഡരികിൽ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് നടപടി.
സംഭവത്തിൽ ബസ് ഡ്രൈവർ തിരുവില്വാമല കുത്താമ്പുള്ളി വീട്ടിൽ വൈശാഖ് (36), കണ്ടക്ടർ ഒറ്റപ്പാലം അമ്പലപ്പാറ രാജ്ഭവൻ വീട്ടിൽ ബാബുരാജ് (35) എന്നിവരാണ് അറസ്റ്റിലായത്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടി ആരംഭിച്ചു.
സ്റ്റാൻഡിൽ കയറാതെ സർവിസ് നടത്തുന്ന ദീർഘദൂര ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസും റദ്ദാക്കും. സ്റ്റാൻഡിൽ കയറാതെ സർവിസ് നടത്തുന്ന ബസുകൾക്കെതിരെ തുടർദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സി.ഐ വ്യക്തമാക്കി.