കുന്നംകുളത്ത് മജിസ്ട്രേറ്റിന്റെ ക്വാർട്ടേഴ്സിൽ മോഷണ ശ്രമം
text_fieldsrepresentational image
കുന്നംകുളം: ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റിന്റെ കുന്നംകുളത്തെ ക്വാർട്ടേഴ്സിൽ മോഷണ ശ്രമം. മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിന്റെ ക്വാട്ടേഴ്സിലാണ് മോഷണശ്രമം നടന്നത്. ആറുമാസമായി മജിസ്ട്രേറ്റ് അവധിയിലായിരുന്നു.
അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ വീട് വൃത്തിയാക്കാൻ ജോലിക്കാർ എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. കുന്നംകുളം കോടതിയോട് ചേർന്നാണ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്.
ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. അലമാരയിലും മറ്റുമുള്ള സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് മജിസ്ട്രേറ്റ് സ്ഥലത്തെത്തി പൊലീസിൽ പരാതി നൽകി.
കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമീഷണർ ടി.എസ്. സിനോജ്, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി കേന്ദ്രീകരിച്ചും മുമ്പ് ഈ മേഖലയിൽ സമാന രീതിയിൽ മോഷണം നടത്തിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.