ബൈക്ക് മോഷണം: മൂന്നുപേർ പിടിയിൽ
text_fieldsകുന്നംകുളം: ബൈക്കുകൾ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ കുന്നംകുളം പൊലീസ് പിടികൂടി. കേച്ചേരി പട്ടിക്കര സ്വദേശികളെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മേഖലയില്‍ ഒരാഴ്ചക്കുള്ളില്‍ നഷ്ടമായത് മൂന്നു ബൈക്കുകളാണ്. നഷ്ടപ്പെട്ട ഡിയോ, സ്‌പ്ലെന്‍ഡര്‍, പാഷന്‍ പ്ലസ് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. വെള്ളി, ശനി ദിവസങ്ങളിലാണ് മൂന്ന് വാഹനവും മോഷണം പോയത്.
ശനിയാഴ്ച മാത്രം മോഷണം പോയത് രണ്ടുബൈക്കുകളാണ്. ഭാവന തിയറ്ററിന് സമീപത്ത് നിന്ന് ബൈജു റോഡിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും പെരുമ്പിലാവ് ബാർ ഹോട്ടലിന് സമീപത്തുനിന്നുമാണ് ബൈക്കുകൾ മോഷ്ടിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. മോഷണ സ്ഥലങ്ങളിലെ നിരീക്ഷണ കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ബൈക്കിൽ കറങ്ങിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. ഈ സംഘം പരിസര പ്രദേശങ്ങളിലെ പലയിടത്തും മോഷണം ലക്ഷ്യം വെച്ച് പോയിരുന്നതായും വ്യക്തമായിട്ടുണ്ട്. താക്കോൽ വാഹനങ്ങളിൽ വെച്ചിരുന്ന ബൈക്കുകളാണ് നഷ്ടപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.