നഗരസഭ മുൻ കൗൺസിലർക്കും മകനുമെതിരെ ആക്രമണം; രണ്ട് പേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കുന്നംകുളം: കുന്നംകുളം നഗരസഭ മുൻ വനിത കൗണ്‍സിലറെയും മകനെയും ലഹരി മാഫിയ സംഘം വീടുകയറി ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കുന്നംകുളം കണ്ണനായ്ക്കൽ ഷാജു (40), ആനായ്ക്കൽ കാരിടത്ത് വീട്ടിൽ സനൽ (22) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
കാണിപ്പയ്യൂര്‍ മുളക്കല്‍ വീട്ടില്‍ ബീന ലിബിനി (55), മകന് നിഖിൽ (30) എന്നിവർക്കെതിരെയാണ് ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘത്തെ കണ്ട് വീടിന് പുറത്തിറങ്ങിയ നിഖിലിനെ ലഹരി മാഫിയ സംഘം ആക്രമിക്കുകയായിരുന്നെന്നും തടയാന്‍ എത്തിയ ബീനയേയും സംഘം മർദിച്ചതായും പറയുന്നു. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലക്കുള്‍പ്പെടെ പരിക്കേറ്റ നിഖിലിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

