കുന്നംകുളത്തെ അപകട മരണം: വ്യക്തതയില്ലാതെ പൊലീസ്
text_fieldsകുന്നംകുളം: റോഡ് മുറിച്ചുകടക്കുന്നതിനിടെ അംഗവൈകല്യമുള്ള തമിഴ്നാട്ടുകാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ വ്യക്തതയില്ലാതെ പൊലീസ് കുഴങ്ങുന്നു. പിക്അപ് വാനിടിച്ച് വീണതാണെന്നതിന് വ്യക്തമാക്കുന്ന ഒരു തെളിവുകളും കണ്ടെത്താനാകാത്തതിൽ സംഭവത്തിൽ വ്യക്തതയില്ലെന്ന നിലപാടിലാണ് പൊലീസ്. തമിഴ്നാട് വിജയപുരം അളഞ്ഞൂർ ഈസ്റ്റ് സ്ട്രീറ്റിൽ പെരിയ സ്വാമിയാണ് (55) മരിച്ചത്.
വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു സംഭവം. ഊന്നുവടിയുടെ സഹായത്തോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്അപ് വാൻ തട്ടി റോഡിൽ വീണയാളുടെ ദേഹത്തിലൂടെ മിനിറ്റുകൾക്കുശേഷം കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് ബസ് കയറിയിറങ്ങിയെന്നായിരുന്നു ആദ്യ നിഗമനം. ഇരുവാഹനങ്ങളും നിർത്താതെ പോയിരുന്നു. പിന്നീട് രണ്ട് വാഹനങ്ങളും സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ഇപ്പോഴും അപകട കാരണം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധനയിൽ ബസിന്റെ ചക്രത്തിൽ രക്തകറ കണ്ടത്തിയെങ്കിലും പിക്അപ് വാൻ തട്ടിയെന്നതിനെ സംബന്ധിച്ച് വ്യക്തമായിട്ടില്ല. വാഹനം കടന്നുപോയ ആഘാതത്തിൽ വീണതാകുമെന്നും സംശയിക്കുന്നു. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെങ്കിലും ഡ്രൈവർമാരെ പ്രതികളാക്കി അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.