തകർന്നു വീഴാറായ കുടിലിൽ കഴിയുന്ന വയോധികക്ക് വീടൊരുങ്ങുന്നു
text_fieldsകുന്നംകുളം: നഗരസഭ 14ാം വാർഡിൽ അടുപ്പുട്ടി പ്രദേശത്ത് ഏതുസമയത്തും തകർന്നു വീഴാറായ കൂരയിൽ കഴിയുന്ന 72കാരിക്ക് വീടൊരുങ്ങുന്നു. കാക്കശ്ശേരി തങ്കുവിനാണ് സുരക്ഷിതത്വം ഒരുക്കുന്നത്. ഉറപ്പില്ലാത്ത തറയും ഒരു ഭാഗം മാത്രം ഹോളോബ്രിക്സ് നാലുവരി വെച്ച് പണിത ചുമരും ഓലയും ടാർപ്പായും കൊണ്ട് മൂടിയ മേൽക്കൂരയുള്ള ഇവരുടെ വീടിെൻറ ദയനീയ അവസ്ഥ നേരിട്ടറിഞ്ഞ കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവുമായി സഹകരിച്ച് വീട് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയുമായിരുന്നു. കുന്നംകുളം ലെൻസ്ഫെഡ് പിന്തുണയുമായെത്തി.
നടവഴി മാത്രമുള്ള തങ്കുവിെൻറ വീട്ടിലേക്ക് എത്തിപ്പെടാൻ തന്നെ പ്രയാസമാണ്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരണപ്പെട്ട ഇവർക്ക് രണ്ട് മക്കളുണ്ടെങ്കിലും ഇവരെ അന്വേഷിക്കുകയോ വരികയോ ചെയ്യാറില്ല. വീട്ടുപണികൾക്ക് പോയാണ് തങ്കു സ്വന്തം നിവർത്തിക്കുള്ള തുക കണ്ടെത്തിയിരുന്നത്.
ലോക്ഡൗൺ വന്നതോടെ വീട്ടുജോലികളും ഇല്ലാതായി. വാർഡ് കൗൺസിലറായ ബീന ലിബിനി പറഞ്ഞതോടെയാണ് ഇവരുടെ ദുരിതം ഷെയർ ആൻഡ് കെയർ പ്രവർത്തകർ അറിയുന്നത്. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വൈശാഖ്, ഫിലിക്സ്, ഷെയർ ആൻഡ് കെയർ പ്രസിഡൻറ് ലബീബ് ഹസ്സൻ, സെക്രട്ടറി എം. ബിജുബാൽ, ലെൻസ്ഫെഡ് ഏരിയ പ്രസിഡൻറ് കിഷോർ എന്നിവരാണ് വീട്ടിലെത്തി പരിശോധിച്ചത്. വീടിെൻറ പ്രവൃത്തി വെള്ളിയാഴ്ച മുതൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
