കുണ്ടൂർ വഞ്ചി അപകടത്തിന് 43 വയസ്സ്; പാലം ഇന്നും സ്വപ്നം
text_fieldsകുണ്ടൂർ -കുത്തിയതോട് കടത്തുതോണിയിലെ യാത്രക്കാർ
മാള: കുണ്ടൂർ കടവിലെ വഞ്ചി അപകടത്തിന് 43 വയസ്സ് പിന്നിടുമ്പോഴും ചാലക്കുടി പുഴക്ക് കുറുകെ കുണ്ടൂർ - കുത്തിയതോട് പാലം നിർമിക്കുമെന്ന വാഗ്ദാനം വിദൂര സ്വപ്നം മാത്രമായി തുടരുന്നു.
1980 ജൂലൈ നാലിനാണ് നാടിനെ നടുക്കി കുഴൂർ പഞ്ചായത്തിലെ ഈ കടവിൽ കടത്തുവഞ്ചി മറിഞ്ഞത്. അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ദേവസി വർഗീസ്, ചെറുകിട കച്ചവടക്കാരനായ തളിപ്പറമ്പത്ത് ചുമ്മാർ, ഹോമിയോ ഡോക്ടർ രാജശേഖരൻ, ആലുവ യു.സി കോളജ് വിദ്യാർഥി ആറാശ്ശേരി ദിനേശൻ എന്നിങ്ങനെ നാലുപേരാണ് മരിച്ചത്. രാജശേഖരന്റെ മൃതദേഹം ദിവസങ്ങൾക്കു ശേഷമാണ് ലഭിച്ചത്. നാലു പേരെ രക്ഷപ്പെടുത്തിയ ശേഷമാണ് നീന്തൽ വിദഗ്ധൻ കൂടിയായ ദേവസി വർഗീസ് മരണത്തിന് കീഴടങ്ങിയത്. വർഗീസിന്റെ കരങ്ങളാൽ രക്ഷപ്പെട്ടവർ ഇത് ഇന്നും ഓർക്കുന്നു. അപകട ശേഷമാണ് കുണ്ടൂർ - കുത്തിയതോട് പാലം നിർമിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചത്.
തൃശൂരിനെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന കടവാണ് കുണ്ടൂർ കടവ്. റോഡുമാർഗം പോയാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് കണക്കൻ കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് വഴി പോകണമെന്നതിനാൽ കടത്തുവഞ്ചി സർവിസിനെയാണ് കുഴൂരിലും കുത്തിയതോടും ഉള്ളവർ ആശ്രയിക്കുന്നത്. കുഴൂർ കാർഷിക മേഖല പഞ്ചായത്താണ്. ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ മറുകര കടക്കണം. വർഷങ്ങൾക്കു മുമ്പ് പാലത്തിന്റെ പദ്ധതി പ്രദേശം വിലയിരുത്താനും എസ്റ്റിമേറ്റ് തയാറാക്കാനും വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. പാലം തുടങ്ങുന്നിടത്ത് അപ്രോച്ച് റോഡിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാനും ശ്രമമുണ്ടായി. 2016ലെ സംസ്ഥാന ബജറ്റിൽ പാലത്തിന് തുക വകയിരുത്തിയതായി പ്രഖ്യാപനം വന്നിരുന്നെങ്കിലും ഒന്നുമായില്ല.
യു.ഡി.എഫ് കോട്ടയാണ് കുഴൂർ പഞ്ചായത്ത്. പഞ്ചായത്ത് ഭരണം ഇതുവരെ കോൺഗ്രസിന് തന്നെയായിരുന്നു. ഭരണാധികാരികൾ പ്രദേശത്തിന്റെ വികസനം അവഗണിക്കുകയാണെന്ന് മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം.എ ജോജോ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

