കെ.എസ്.ടി.പി റോഡുകളുടെ നിര്‍മാണം അടിയന്തരമായി പൂർത്തിയാക്കണം -മന്ത്രി
text_fieldsതൃശൂർ: കൊടുങ്ങല്ലൂര്‍-തൃശൂര്‍-കുറ്റിപ്പുറം റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ സമര്‍പ്പിച്ച ഷെഡ്യൂള്‍ പുതുക്കി സമര്‍പ്പിക്കാന്‍ മന്ത്രി കെ. രാജന് നിർദേശിച്ചു. കലക്ടറേറ്റില്‍ നടന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ടില്‍ (കെ.എസ്.ടി.പി.) ജില്ലയില്‍ നിര്‍മിക്കുന്ന റോഡുകളുടെ നിര്‍മാണ പുരോഗതി അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
നിലവില്‍ കരാറുകാര്‍ സമര്‍പ്പിച്ച സമയക്രമം അംഗീകരിക്കാനാവില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ പുതിയ ഷെഡ്യൂള്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങള്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളുമുള്ള സ്ഥലങ്ങളായതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് ഗതാഗത ക്രമീകരണത്തെക്കുറിച്ച് പൊലീസുമായും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ആവശ്യമായി വരുന്നുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം കലക്ടറെയും അറിയിക്കണം. വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ കലക്ടറുടെ അധ്യക്ഷതയില്‍ എത്രയുംപെട്ടെന്ന് യോഗം ചേരണം. ആഴ്ചകളിൽ കലക്ടറുടെ അധ്യക്ഷതയില്‍ നിര്‍മാണ പുരോഗതി വിലയിരുത്തണം.
നിര്‍മാണം നടക്കുന്ന പ്രദേശത്ത് ഏതെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങളുണ്ടായാല്‍ ദുരന്തനിവാരണ ആക്ട് പ്രകാരം കേസെടുക്കുമെന്ന് കരാറുകാര്‍ക്കും കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ക്കും മന്ത്രി മുന്നറിയിപ്പ് നല്കി. പുതുക്കി സമര്‍പ്പിക്കുന്ന ഷെഡ്യൂളിലെ സമയക്രമം പാലിച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാതെ വന്നാല്‍ കരാര്‍ റദ്ദാക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, എ.ഡി.എം ടി. മുരളി, പ്രോജക്ട് ഡയറക്ടര്‍ പ്രേംകൃഷ്ണന്‍, കെ.എസ്.ടി.പി ചീഫ് എൻജിനിയര്‍ കെ.എഫ് ലിസി, പൊലീസ് അസി. കമീഷണര്‍ ടി.എസ്. സിനോജ്, കെ.കെ. സജിവ്, കെ.എസ്.ടി.പി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

