പൂട്ടില്ല ക്ഷേമോദയം എൽ.പി സ്കൂൾ
text_fieldsകയ്പമംഗലം ക്ഷേമോദയം എൽ.പി സ്കൂൾ
കയ്പമംഗലം: അടച്ചു പൂട്ടാൻ ഉത്തരവായ കയ്പമംഗലം ക്ഷേമോദയം എൽ.പി സ്കൂൾ തുടർന്നും പ്രവർത്തിക്കാൻ സർക്കാർ ഉത്തരവായി. സ്കൂൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ പുതിയ മാനേജ്മെന്റ് തയാറായ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. നിലവിലുള്ള അധ്യാപകരെ തൽക്കാലം പുനർവിന്യസിക്കേണ്ടതില്ലെന്നും വിദ്യാർഥികളുടെ അധ്യയനം മുടങ്ങാതെ നടത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാനുമാണ് ഉത്തരവായത്.
പൂട്ടാറായ ക്ഷേമോദയം എൽ.പി സ്കൂൾ പുതിയ മാനേജ്മെൻറ് ഏറ്റെടുത്ത് നവീകരിച്ച് മാതൃകാ വിദ്യാലയമാക്കാനുള്ള ശ്രമത്തിലാണെന്നും നാട്ടുകാരുടെ പൂർണ സഹകരണമുണ്ടെന്നും അതിനാൽ സ്കൂൾ തുറന്നു പ്രവർത്തിക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഇ.ടി. ടൈസൺ എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച അപേക്ഷയിലാണ് നടപടി.
1928ലാണ് എയ്ഡഡ് വിദ്യാലയമായ ക്ഷേമോദയം എൽ.പി സ്ഥാപിതമായത്. കയ്പമംഗലം പഞ്ചായത്തിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന 15, 16, 17, 19 വാർഡുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. സമീപത്തെ ബലിപ്പറമ്പ് കോളനി, അകമ്പാടം കോളനി, അയിരൂർ കോളനി എന്നിവിടങ്ങളിൽനിന്നും കടപ്പുറത്തുനിന്നും കുട്ടികൾ പതിറ്റാണ്ടുകളായി പ്രാഥമിക വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പായും ഉപയോഗിക്കാറുണ്ട്.
എം.എൽ.എയുടെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികൾ, സ്കൂൾ സംരക്ഷണ സമിതി, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ പുതിയ മാനേജ്മെന്റ്ഏ റ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

