വൈദ്യുതി കുടിശ്ശിക: അഞ്ച് സർക്കാർ ഓഫിസുകളിലെ ഫ്യൂസ് ഉൗരി കെ.എസ്.ഇ.ബി; ബുദ്ധിമുട്ടി പൊതുജനം
text_fields
തൃശൂർ: വൈദ്യുതി കുടിശ്ശികയെത്തുടർന്ന് കെ.എസ്.ഇ.ബി കലക്ടറേറ്റിലെ അഞ്ച് സർക്കാർ ഓഫിസുകളിലെ ഫ്യൂസ് ഊരി. അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളർ, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഫോംസ് ഓഫിസ്, ശിശുക്ഷേമ സമിതി, റെക്കോഡ് റൂം തുടങ്ങിയ ഓഫിസുകളിലെ വൈദ്യുതിയാണ് ബുധനാഴ്ച രാവിലെ 10.15ഓടെ കെ.എസ്.ഇ.ബി അധികൃതരെത്തി വിച്ഛേദിച്ചത്. ഇതേ തുടർന്ന് അഞ്ച് ഓഫിസുകളും ജീവനക്കാരും ഇരുട്ടിലായി.
ഓഫിസുകളിലെ പ്രവർത്തനം സ്തംഭിച്ചതോടെ ആവശ്യക്കാരും പൊതുജനവും നിരാശരായി മടങ്ങിപ്പോകേണ്ടിവന്നു. കലക്ടറുമായുള്ള ധാരണ പ്രകാരം 13072 കൺസ്യൂമർ നമ്പറിലെടുത്ത അഞ്ച് സർക്കാർ ഓഫിസുകളിലെ വൈദ്യുതിയാണ് വിച്ഛേദിക്കപ്പെട്ടത്. 3,04,036 രൂപയുടെ കുടിശ്ശികയാണ് ആ കൺസ്യൂമർ നമ്പറിൽ രേഖപ്പെടുത്തിയത്. സർചാർജടക്കം നാലുലക്ഷത്തിലധികം രൂപയുടെ കുടിശ്ശിക. ഈ തുക അടച്ചാൽ കണക്ഷൻ പുനഃസ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി അയ്യന്തോൾ സെക്ഷൻ ഓഫിസിൽനിന്നുള്ള അറിയിപ്പ്. അതേസമയം, മുന്നറിയിപ്പില്ലാതെയാണ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതെന്ന് ബന്ധപ്പെട്ട ഓഫിസ് അധികൃതർ പറഞ്ഞു.
വൈദ്യുതി ഇല്ലാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കെ.എസ്.ഇ.ബി അധികൃതർ ഫ്യൂസ് ഊരിയ വിവരം ഓഫിസുകാർ അറിഞ്ഞത്. ഉടൻ കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുമായി സംസാരിച്ചെങ്കിലും അയ്യന്തോൾ സെക്ഷൻ ഓഫിസുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി അധികൃതരുമായി സംസാരിച്ചെങ്കിലും തീരുമാനമായില്ല. അടുത്ത ദിവസം വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്താനാണ് ഓഫിസ് പ്രതിനിധികളുടെ തീരുമാനം.
അതേസമയം, വൈദ്യുതി വിച്ഛേദിക്കുന്നത് ഉൾപ്പെടെ വിവരങ്ങൾ അറിയിച്ചിെല്ലന്നാണ് ഓഫിസ് അധികൃതരുടെ പരാതി. വിവരം കൃത്യമായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും 2017 മുതൽ കുടിശ്ശിക അടക്കാത്തതിനാണ് വിച്ഛേദിക്കൽ നോട്ടീസ് നൽകിയതെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. ഒരു കണക്ഷനിൽനിന്ന് വിവിധ ഓഫിസുകളിലേക്ക് കണക്ഷൻ പോകുന്നതിനാൽ ഓഫിസ് തിരിച്ചുള്ള കുടിശ്ശിക കണക്ക് ലഭ്യമാകില്ലെന്നും അവർ വ്യക്മാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

