കെ.പി.സി.സി പട്ടിക: പ്രായമായവരും പാർട്ടിയിലേക്ക് തിരിച്ചുവന്നവരും അകത്ത്
text_fieldsതൃശൂർ: സജീവമായി നിൽക്കുന്നവരെ തഴഞ്ഞ് പ്രായമായവരെയും പാർട്ടിയിൽനിന്ന് പുറത്തുപോയി തിരിച്ചുവന്നവരെയും ഉൾപ്പെടുത്തിയ കെ.പി.സി.സി പട്ടികക്കെതിരെ കോൺഗ്രസിൽ കടുത്ത അമർഷം.
സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, ഒ. അബ്ദുറഹ്മാൻകുട്ടി, പി.കെ. അബൂബക്കർ, ടി.എൻ. പ്രതാപൻ, എം.കെ. പോൾസൺ, അനിൽ അക്കര, പി.എ. മാധവൻ, നിഖിൽ ദാമോദരൻ, എം.പി. വിൻസെന്റ്, തേറമ്പിൽ രാമകൃഷ്ണൻ, പത്മജ വേണുഗോപാൽ, ലീലാമ്മ തോമസ്, എം.കെ. അബ്ദുൽസലാം, സി.ഐ. സെബാസ്റ്റ്യൻ, കെ.കെ. കൊച്ചുമുഹമ്മദ്, എം.പി. ജാക്സൺ, സി.ഒ. ജേക്കബ്, കെ.പി. വിശ്വനാഥൻ, സുബി ബാബു, ഷോൺ പെല്ലിശേരി, സി.എസ്. ശ്രീനിവാസൻ, സുനിൽ അന്തിക്കാട്, ടി.യു. രാധാകൃഷ്ണൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടത്.
വ്യാഴാഴ്ച നടക്കുന്ന കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത് ഇവർക്കാണ്. പാർട്ടി സംഘടനാ രംഗത്തും ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും സജീവമായി പ്രവർത്തന രംഗത്തുള്ള ഷാജി കോടങ്കണ്ടത്ത്, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, ജോൺ ഡാനിയേൽ, സുന്ദരൻ കുന്നത്തുള്ളി തുടങ്ങി യുവ തലമുറയെ തഴഞ്ഞാണ് പ്രായവും ആരോഗ്യവും സംഘടനാ രംഗത്ത് സജീവമാവാൻ കഴിയാത്തവരെയും പാർട്ടിയിൽ നിന്നും പോയി തിരിച്ചെത്തിയവരെയും പരിഗണിച്ചിരിക്കുന്നത്.
മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, പി.കെ. അബൂബക്കർ, എം.കെ. പോൾസൺ എന്നിവരെല്ലാം ആരോഗ്യപരമായ അവശതകൾ അനുഭവിക്കുന്നവരാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിൽ പെയ്മെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് കോൺഗ്രസ് വിട്ട് പിന്നീട് എൻ.സി.പിയിൽ ചേർന്ന് ജില്ല പ്രസിഡന്റായി മടങ്ങിയെത്തിയ സി.ഐ. സെബാസ്റ്റിനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകളെ ഒതുക്കി കെ.സി. വേണുഗോപാൽ, സുധാകരൻ ഗ്രൂപ്പുകൾ നേട്ടമുണ്ടാക്കുകയായിരുന്നു. കെ.സിയുടെ ജില്ലയിലെ യുവ നേതാവ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ ദാമോദരനെയടക്കം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിന്തൻ ഷിബിർ തീരുമാനം അട്ടിമറിച്ചാണ് നിയമനമെന്നും എന്ത് സന്ദേശമാണ് നൽകുന്നതെന്നും ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽ വിമർശനം ഉയർന്നിട്ടുണ്ട്. അവഗണനയിൽ കടുത്ത അമർഷത്തിലാണ് യുവ നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

