നാട്ടുകാർ ഒരുമിച്ചിറങ്ങി; കോരംകുളം ശുചിയായി
text_fieldsകോരംകുളം നവീകരണത്തിന് ശേഷം
മാള: നാട്ടുകാർ ഒരുമിച്ചിറങ്ങിയപ്പോൾ പതിറ്റാണ്ടുകളായി കാടുപിടിച്ച് പായൽ മൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന കോരംകുളം ജലസമൃദ്ധമായ നീന്തൽക്കുളമായി മാറി. ആളൂർ പഞ്ചായത്ത് 13ാം വാർഡ് കൊമ്പൊടിഞ്ഞാമാക്കലിൽ അരയേക്കറിലധികം വിസ്തൃതിയുള്ള കുളമാണ് നാട്ടുകാർ ശുചീകരിച്ചത്. അമ്പതോളം ചെറുപ്പക്കാർ ദിവസങ്ങളോളം ശ്രമദാനം നടത്തിയാണ് കുളത്തിലേക്ക് പടർന്നു കിടന്ന കാടുകൾ വെട്ടിനീക്കിയത്. യന്ത്ര സഹായത്തോടെ അടിഞ്ഞുകൂടിയ ചളിയും നീക്കംചെയ്തു. സംരക്ഷണഭിത്തിയുടെ കേടുപാടുകളും തീർത്തു. നീന്തൽ പരിശീലനത്തിന് പുറമേ സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് കിണറുകളിലെ ജലസമൃദ്ധിക്കും കുളം സഹായകമാകും.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ നവീകരിച്ച കുളത്തിന്റെ സമർപ്പണം നിർവഹിച്ചു. നീന്തൽ പരിശീലനം എം.എസ്. ഹരിലാലും ശലഭോദ്യാനം പി.കെ. കിട്ടനും വൃക്ഷത്തൈ നടീൽ അഭി തുമ്പൂരും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി പോളി അധ്യക്ഷത വഹിച്ചു. പി.എൽ. ജെയിംസ്, പി.ടി. ജോബി, ജോബി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. വിനയൻ, ഷൈനി തിലകൻ, രേഖ സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജുമൈല സഗീർ, ബാബു പി.തോമസ്, പി.പി. പീറ്റർ, ജോബി വർഗീസ്, പി.പി. ഔസേഫുണ്ണി എന്നിവർ സംസാരിച്ചു. കുളത്തിലേക്കുള്ള റോഡ് നവീകരണത്തിന് പത്തു ലക്ഷം രൂപയും, കുളം നവീകരണത്തിന് മറ്റൊരു തുകയും പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.ആർ. ജോജോ അറിയിച്ചു. കോരംകുളം സംരക്ഷണ സമിതിയാണ് സാമ്പത്തിക സമാഹരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

