കൂടൽമാണിക്യം തിരുവുത്സവം; ആനകളുടെ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും
text_fieldsആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വനം-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും. ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. ഹാരിസിന്റെയും സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ ചാലക്കുടി ലിബിൻ ജോണിന്റെയും നേതൃത്വത്തിൽ കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചു.
ആനകളുടെ ശരീരത്തിൽ ഘടിപ്പിച്ച ചിപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുന്നള്ളിപ്പ്, മദകാലം, ഉടമസ്ഥത സർട്ടിഫിക്കറ്റ്, ആനകളുടെ ലക്ഷണങ്ങൾ, മദഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങൾ എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്നസ് നൽകുന്നത്. പാപ്പാൻമാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പർക്കവും വിലയിരുത്തും. ആദ്യ ദിനത്തിൽ കൂടൽമാണിക്യം മേഘാർജുനൻ ഉൾപ്പെടെ 27 ആനകളെയാണ് പരിശോധിച്ചത്. രാത്രി ഒമ്പതോടെയാണ് ആദ്യദിന പരിശോധനകൾ അവസാനിച്ചത്.
തൃശൂർ പൂരം ചടങ്ങുകളിൽ പങ്കെടുത്ത എട്ട് ആനകളും കൂട്ടത്തിലുണ്ടായിരുന്നു. ഓരോ ശീവേലിക്കും വിളക്കിനും മുമ്പേ ആനകളെ പരിശോധിക്കും. പരിശോധനകൾക്ക് ശേഷം നൽകുന്ന ഹെൽത്ത് കാർഡ് 72 മണിക്കൂർ സമയത്തേക്കാണ്.
രണ്ട് ഡോക്ടർമാർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു അറ്റൻഡർ എന്നിവർ ഉൾപ്പെടുന്ന അഞ്ച് അംഗ സംഘത്തിന്റെ സേവനം ഉത്സവ ദിവസങ്ങളിൽ ഉണ്ടാകും. ഇത് കൂടാതെ എലിഫെന്റ് സ്ക്വാഡ് സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ജനക്കൂട്ടവുമായുള്ള അകലം പാലിച്ച് നാട്ടാന പരിപാലന ചട്ട പ്രകാരം എഴുന്നള്ളിപ്പ് നടത്താൻ സംഘം നിർദേശിച്ചു. കടുത്ത ചൂട് കണക്കിലെടുത്ത് ആനകൾക്ക് മതിയായ കുടിവെള്ളം, തണ്ണിമത്തൻ, വെള്ളരിക്ക, എന്നിവ ഉൾപ്പെടെ ഭക്ഷണം നൽകാനും തറ നനച്ച് ചൂട് കുറക്കാനും സംഘം നിർദേശം നൽകി.
ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഐസക്ക് സാം, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന ആന്റണി, ഡോ. കെ.വി. ഷിബു, ഡോ. പി.എം. മഞ്ജു, ഡോ. അഷ്‌റഫ് അബ്‌ദുൽ റഹിമാൻ, ഡോ. അനിഷ് രാജ്, ഡോ. കെ. വിവേക്, ഡോ. ഗിരീഷ് എന്നിവരും 58 അംഗ സംഘ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

