കൊമ്പിടി ജങ്ഷൻ വികസനം; അലൈൻമെന്റ് പ്ലാൻ ജനകീയ അവലോകനം ജൂലൈ ഏഴിന്
text_fieldsകൊമ്പിടി: കൊമ്പിടി ജങ്ഷൻ വികസനം എന്ന ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടിയായി അലൈൻമെന്റ് പ്ലാനിന് രൂപം നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കൊമ്പിടി ജങ്ഷൻ വികസന പദ്ധതി 2024-‘25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിക്കായി അലൈൻമെന്റ് പ്ലാൻ തയാറാക്കിയത്.
നാല് ഭാഗത്തേക്കായി ഏകദേശം 100 മീറ്റർ വരെ വീതി കൂട്ടിയാണ് അലൈൻമെന്റ് പ്ലാൻ തയാറാക്കിയിരിക്കുന്നത്. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാത 20 മീറ്ററായി വീതി കൂട്ടിയും ചാലക്കുടി-വെള്ളാങ്കല്ലൂർ ജില്ല റോഡിന് 15 മീറ്ററായി വീതി കൂട്ടിയുമാണ് പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ രൂപം നൽകിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം തയാറാക്കിയ അലൈൻമെന്റ് പ്ലാനിൽ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും സമീപവാസികളുടെയും അഭിപ്രായങ്ങൾ കേട്ടായിരിക്കും പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജൂലൈ ഏഴിന് ഉച്ചതിരിഞ്ഞ് 3.30ന് കൊമ്പിടി സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ (കൊമ്പിടി പാരിഷ് ഹാൾ) യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.

