യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം
text_fieldsകൊടുങ്ങല്ലൂർ: എടവിലങ്ങ് കാര ബീച്ചിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ഏങ്ങണ്ടിയൂർ ആയിരംകണ്ണി സ്വദേശി ചക്കും കോരൻ സുദർശനെൻറ മകൾ ആര്യ (21) ആണ് ഫെബ്രുവരി 26ന് മരിച്ചത്.
ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കാര ആലപ്പാട്ട് ഷിജിൻ ബാബു, അമ്മ ഷീബ, അമ്മാവൻ സിദ്ധാർഥൻ, സിദ്ധാർഥൻറ ഭാര്യ പ്രസന്ന എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തത്.
നേരത്തേ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ആര്യയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന് കാണിച്ച് പിതാവ് സുദർശനൻ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് അമ്മയെയും ബന്ധുക്കളെയും കൂടി കേസിൽ ഉൾപ്പെടുത്തിയത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പി.യു. പ്രേമനാണ് അന്വേഷണ ചുമതല.