യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിെൻറ അമ്മാവന് അറസ്റ്റില്‍
text_fieldsകൊടുങ്ങല്ലൂർ: എടവിലങ്ങിൽ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിെൻറ അമ്മാവന് അറസ്റ്റില്‍. എടവിലങ്ങ് സ്വദേശി സിദ്ധാർഥനെയാണ് (52) കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവും അമ്മയും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി സ്വദേശി ചക്കുംകേരന്‍ സുദര്ശനെൻറ മകള്‍ ആര്യയെയാണ് (21) കഴിഞ്ഞ ഫെബ്രുവരി 26ന് ഭര്‍ത്താവ് എടവിലങ്ങ് കാര ആലപ്പാട്ട് ഷിജിന്ബാബുവിെൻറ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആര്യയുടെ അച്ഛന് സുദര്ശനന് കൊടുങ്ങല്ലൂര്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ഷിജിന്‍ബാബു, അമ്മ ഷീബ, അമ്മാവന് സിദ്ധാര്ത്ഥന്, ഇയാളുടെ ഭാര്യ പ്രസന്ന എന്നിവര്‍ക്കെതിരെ സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുത്തത്.