ലോക റെക്കോഡിലേറി പൂക്കൾ കൊണ്ടൊരുക്കിയ ഗുരുദേവൻ
text_fields
60 അടി വലുപ്പത്തിൽ ഒരുക്കിയ ശ്രീനാരായണ ഗുരു ചിത്രത്തിന് ലഭിച്ച ലോക റെക്കോഡ്
ചിത്രകാരൻ ഡാവിഞ്ചി സുരേഷിന് അധികൃതർ കൈമാറുന്നു
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂനിയൻ പൂക്കൾകൊണ്ട് ഒരുക്കിയ ശ്രീനാരായണ ഗുരുവിെൻറ ഛായാചിത്രത്തിനുള്ള റെക്കോഡ് പ്രശസ്ത ചിത്രകലാകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷിന് കൈമാറി. ശ്രീനാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ചാണ് വലുപ്പമേറിയ ഛായാചിത്രമൊരുക്കിയത്.
കൊടുങ്ങല്ലൂരിലെ ശിൽപി ഡാവിഞ്ചി സുരേഷിെൻറ ആശയവും ആവിഷ്കാരവുമാണ് ലോകശ്രദ്ധ നേടിയ ഈ കലാസൃഷ്ടി.
60 അടി വലുപ്പത്തിലാണ് ബഹുവർണ പൂക്കളാല്‍ ഗുരുവിെൻറ ചിത്രമൊരുക്കിയത്. വിദേശത്തേക്ക് പോകുന്ന ഡാവിഞ്ചി സുരേഷിെൻറ വസതിയിലെത്തി എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂനിയൻ ഭാരവാഹികൾ ലോക റെക്കോഡ് രേഖ കൈമാറി. ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് ഏകദേശം ഒരു ടൺ പൂക്കള്‍ സംഭാവന നല്‍കിയത്. കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്വെൻഷന് സെൻറർ ഉടമ മുഹമ്മദ് നസീര്‍ (ബാബു) മൂന്നു ദിവസം ഇതിനായി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി. കണ്ണകി ഫ്ലവേഴ്സ്, കേബീസ് ദർബാർ ഉടമകളെയും മീഡിയ പാർട്ട്ണറായ ചാനൽ മലയാളം കമ്പനിയെയും യു.ആർ.എഫ് റെക്കോഡ് ഫോറം ആദരിച്ചു.
അനുമോദന യോഗം എസ്.എൻ.ഡി.പി യോഗം വനിത സംഘം സംസ്ഥാന ചെയർപേഴ്സൻ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഒാഡിനേറ്റർ ബേബി റാം അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. രവീന്ദ്രൻ, ഡിൽഷൻ കൊട്ടെക്കാട്ട്, എം.കെ. തിലകൻ, കെ.ജി. ഉണ്ണികൃഷ്ണൻ, ദിനിൽ മാധവൻ, ജോളി ഡിൽഷൻ, ജയ രാജൻ, സുലേഖ അനിരുദ്ധൻ, ജയലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.