സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കുന്ന വാട്സ്ആപ്പ് സന്ദേശം; കേസെടുത്തു
text_fieldsകൊടുങ്ങല്ലൂർ: അയൽക്കൂട്ടത്തിെൻറ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ വർഗീയതയും, ചേരിതിരിവും വിദ്വേഷവും വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി പൊലീസിന് ലഭിച്ചത്. കേരള മഹിളാസംഘം ലോകമലേശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ഷൈല നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
നഗരസഭയിലെ ആറാം വാർഡിലെ 'മാനസം' അയൽക്കൂട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വർഗീയ രീതിയിലുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. സാമൂഹിക ജീവിതത്തിെൻറ വിവിധ തലങ്ങളിൽ ഹിന്ദുക്കളോട് മാത്രം ചേർന്ന് നിൽക്കാൻ പറയുന്ന 25 നിർദേശങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്ന വാട്സ്ആപ്പ് സന്ദേശത്തിൽ ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താനും പ്രചരിപ്പിക്കുവാനും ആഹ്വാനം ചെയ്യുന്നുണ്ട്.
പോസ്റ്റിന് പിന്നിൽ റിട്ട. അധ്യാപികയാണെന്ന സൂചനയുമുണ്ട്. 16 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളിൽനിന്ന് തന്നെയാണ് പോസ്റ്റ് പുറത്ത് വന്നത്. ഇത് സംബന്ധിച്ച് പരാതിക്കാരിയുടെ മൊഴിയെടുത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, കേവലം എഫ്.ഐ.ആറിന് അപ്പുറം പൊലീസ് നടപടി മുന്നോട്ട് പോയിട്ടില്ല.