എസ്.എൻ.ഡി.പി ഓഫിസിൽ അതിക്രമം; ആർ.എസ്.എസുകാർക്കെതിരെ കേസ്
text_fieldsകൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കുഞ്ഞയിനി ശാഖ ഓഫിസിൽ കയറി ഭീഷണിയും അതിക്രമവും നടത്തിയെന്ന പരാതിയിൽ ഇരുപതോളം ആർ.എസ്.എസുകാർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. ആർ.എസ്.എസ് നേതാവ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പരാതി.
ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടിനെതിരായി എസ്.എൻ.ഡി.പി യൂനിയന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നവോത്ഥാന യാത്ര ശാഖ ഓഫിസിന് മുന്നിലെത്തുമ്പോൾ പദയാത്രികർക്ക് നാരങ്ങവെള്ളം നൽകാൻ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് അക്രമമുണ്ടായത്.
ആർ.എസ്.എസ് കേന്ദ്രമായ സൊസൈറ്റി ഭാഗത്ത് നവോത്ഥാനക്കാർക്ക് കുടിവെള്ളമൊരുക്കേണ്ടെന്നും ഓഫിസടച്ച് പുറത്ത് പോകണമെന്നുമാവശ്യപ്പെട്ടുമായിരുന്നു അതിക്രമം നടത്തിയത്. ശാഖ സെക്രട്ടറി കെ.എസ്. സുനിൽകുമാർ, പ്രസിഡന്റ് കമല ശശിധരൻ, ശാഖാംഗം മാടത്തിങ്കൽ രാധ എന്നിവരാണ് ഈ സമയം ശാഖ ഓഫിസിലുണ്ടായിരുന്നത്.
ഭീഷണിക്ക് വഴങ്ങാതായതോടെ നാരങ്ങവെള്ളമൊരുക്കാൻ കരുതിയിരുന്ന ചെറുനാരങ്ങ, പഞ്ചസാര എന്നിവ ബലംപ്രയോഗിച്ച് എടുത്ത് കൊണ്ടുപോവുകയും ശാഖ ഓഫിസിനകത്തെ നോട്ടിസുകൾ എടുത്ത് പുറത്തെറിയുകയും ചെയ്തു. ശാഖ ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭാരവാഹികളാണ് പൊലീസിൽ പരാതി നൽകിയത്.