കളി ചിരിയും കാര്യവുമായി 'മൂസക്കായിം കുട്ട്യോളും'
text_fields‘മൂസക്കായിം കുട്ട്യോളും’ പരിപാടിക്കിടെ വിനോദ് കോവൂർ വിദ്യാർഥികളോടൊപ്പം
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം.ജി.എച്ച്.എസ് സ്കൂളിലെ പ്രവേശനോത്സവം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ രണ്ട് വർഷങ്ങൾക്ക് ശേഷം ലഭിച്ച പ്രവേശന ദിനാഘോഷം വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെയാണ് അരങ്ങേറിയത്. സിനി ആർട്ടിസ്റ്റ് വിനോദ് കോവൂരിന്റെ സാന്നിധ്യം വിദ്യാർഥികൾക്ക് നവോന്മേഷം നൽകി.
'മൂസക്കായീം കുട്ട്യോളും' പരിപാടിയിലൂടെ രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കളി ചിരിയും സാരോപദേശങ്ങളോടും ഒപ്പം ആടിയും പാടിയും വിനോദ് കുട്ടികളെ കൈയിലെടുത്തു.
സ്കൂളിലെ വിമുക്തി ക്ലബിന്‍റെ നേതൃത്വത്തിൽ നിർമിച്ച ഷോർട്ട് ഫിലിം പ്രവർത്തകരെ ആദരിച്ചു. സംഗീത ക്ലബായ സ്വരലയത്തിലെ വിദ്യാർഥികൾ ആലപിച്ച പ്രവേശനോത്സവഗാനം ഏറെ ആസ്വാദ്യകരമായി. നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ മുഖ്യാതിഥിയായിരുന്നു.
പി.ടി.എ പ്രസിഡന്‍റ് പി.എച്ച്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭ സാരഥികളായ ഷീല പണിക്കശ്ശേരി, ലത ഉണ്ണികൃഷ്ണൻ, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒ.എസ്. ഷൈൻ നന്ദി പറഞ്ഞു.