സഹകരണസംഘത്തിൽ യു.ഡി.എഫുകാരുടെ മത്സരം; ഒടുവിൽ വിമത ജയം
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫുകാരുടെ മത്സരം. ഒടുവിൽ വിമതരായി രംഗത്തു വന്ന കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു.
സംഘം ഭരണസമിതിയിലെ ജനറൽ വിഭാഗത്തിൽ രണ്ടുപേരെ തെരഞ്ഞെടുക്കുന്നതിനാണ് മൂന്നുപേർ മത്സര രംഗത്ത് വന്നത്. ടി.എസ്. ശശിയും സക്കറിയ പള്ളിപ്പുറത്തും കോൺഗ്രസ് സ്ഥാനാർഥികളായും നിലവിലെ മെംബർ കെ.കെ. പ്രദീപും (സി.എം.പി) മത്സരരംഗത്ത് ഉണ്ടായിരുന്നു.
കോൺഗ്രസ് പ്രതിനിധികൾ രണ്ടുപേരും വിജയിച്ചു. ഏഴംഗ ഭരണസമിതിയിലേക്ക് അഞ്ചുപേർ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.കെ. പ്രദീപ്, ബഷീർ കൊല്ലത്തുവീട്ടിൽ എന്നിവർ ഉൾപ്പെടുന്ന ഏഴുപേരായിരുന്നു ഔദ്യോഗിക സ്ഥാനാർഥികൾ. എന്നാൽ, ജനറൽ സീറ്റിലേക്ക് രണ്ട് കോൺഗ്രസുകാർ തന്നെ മത്സര രംഗത്ത് വന്നതോടെ മറ്റൊരു കോൺഗ്രസുകാരനായ ബഷീർ പിന്മാറുകയായിരുന്നു. സി.എം.പിയിലെ പ്രദീപ് ഉറച്ചുനിന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.