
representative image
പ്രാവ് വളർത്തൽ മറയാക്കി ലഹരി വിൽപ്പന: രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): പ്രാവ് വളർത്തൽ മറയാക്കി ലഹരി വിൽപ്പന നടത്തിവന്ന രണ്ടുപേരെ എക്സൈസ് പിടികൂടി. കഞ്ചാവും ഹാഷിഷ് ഓയിലുമായി എറിയാട് മാടവന വെളിയത്ത്പറമ്പിൽ മുത്തു എന്ന അസ്ലം മുസ്തഫ (19), എറിയാട് തിരുവള്ളൂർ മുഹമ്മദ് സവാദ് (20) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് പിടികൂടിയത്.
കഞ്ചാവിന് ശേഷം യുവാക്കൾ സിന്തറ്റിക്ക് മയക്കുമരുന്നിന്‍റെ ഉപയോഗത്തിലേക്ക് കടക്കുന്നതിന്‍റെ ഉദാഹരണമാണ് ഇതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. സ്‌കൂളുകളും കോളജുകളും തുറന്ന അവസരത്തിൽ വിദ്യാർഥികൾക്ക് വിൽപ്പന നടത്താൻ വേണ്ടിയാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പറയുന്നു.
ആയിരങ്ങളാണ് ഹാഷിഷ് ഓയിലിനായി ഇവർ ഈടാക്കുന്നത്. ഇവരുടെ പക്കൽനിന്നും കഞ്ചാവ് പൊതിയാനുള്ള പാക്കറ്റുകളും വെയിങ് മെഷീനുകളും കണ്ടെത്തി. പ്രാവ് വളർത്തലിന്‍റെ മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. കൂടുതൽ യുവാക്കൾ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുണ്ടെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.
എക്‌സൈസ് സംഘത്തിൽ റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാദ്, ഐ.ബി വിഭാഗം ഇൻസ്‌പെക്ടർ മനോജ് കുമാർ, പ്രിവന്‍റീവ് ഓഫിസർമാരായ ടി.ജി. മോഹനൻ, കെ.എസ്. ഷിബു, പി.ആർ. സുനിൽകുമാർ, കൊടുങ്ങല്ലൂർ റേഞ്ച് പ്രിവന്‍റീവ് ഓഫിസർ എം.ആർ. നെൽസൺ, പ്രിവന്‍റീവ് ഓഫിസർ ഗ്രേഡ് സി.വി. ശിവൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.കെ. സജികുമാർ, ഒ.ബി. ശോഭിത്ത്, എ.എസ്. റിഹാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ പി.ആർ. രഞ്ജു എന്നിവരും ഉണ്ടായിരുന്നു.