ഹോട്ട്സ്പോട്ടുകളിലൊതുങ്ങാതെ തെരുവുനായ് ഭീഷണി
text_fieldsമതിലകത്ത് ദേശീയപാതയിലെ തെരുവുനായ്ക്കൾ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്കിലെ തെരുവുനായ് ഭീഷണി ഹോട്ട്സ്പോട്ടുകൾക്ക് അതീതമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താലൂക്കിലെ കൊടുങ്ങല്ലൂർ നഗരസഭ പ്രദേശവും എടവിലങ്ങ്, എടതിരുത്തി പഞ്ചായത്തുകളുമാണ് ഹോട്ട് സ്പോട്ടുകളായി വരുന്നത്.
അതേസമയം എറിയാട്, അഴീക്കോട്, പി.വെമ്പല്ലൂർ, ശ്രീനാരായണപുരം, മതിലകം, കൂളിമുട്ടം പ്രദേശങ്ങൾ ഉൾപ്പെടെ തെരുവുനായ് ഭീഷണിയിൽനിന്ന് മുക്തമല്ല.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് എറിയാട് പഞ്ചായത്തിൽപ്പെടുന്ന അഴീക്കോട് പ്രദേശത്ത് പത്തോളം പേരെ പട്ടി കടിച്ചത്. തെരുവുനായ്ക്കളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമവും പലയിടങ്ങളിലും നടക്കുന്നുണ്ട്.
ഒരാഴ്ച മുമ്പാണ് മതിലകം മതിൽമൂലയിൽ പത്ര ഏജന്റിനെ തെരുവുനായ് ആക്രമിച്ചത്. നായ്ക്കളെ ഭയന്നാണ് പത്രവിതരണക്കാർ പുലർച്ചെ ജോലി ചെയ്യുന്നത്. രാവിലെ ട്യൂഷനും മദ്റസാ പഠനത്തിനും പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെ ഭീതിയുടെ നിഴലിലാണ്.
അങ്ങാടികളിലും കച്ചവട കേന്ദ്രങ്ങളിലുമെല്ലാം നായ്ക്കൾ നിർബാധം വിഹരിക്കുകയാണ്. പൊതുയിടങ്ങളിലും സ്ഥാപന പരിസരങ്ങളിലും തെരുവുനായ്ക്കളെ തീറ്റിപോറ്റുന്ന പ്രവണത ഏറിവരികയാണ്.
ഇറച്ചിയും മറ്റു ഭക്ഷ്യസാധനങ്ങളും നൽകിയാണ് ഇവയെ തെരുവുകളിൽ വളർത്തുന്നത്. കോഴിയുടെയും മാടുകളുടെയും അവശിഷ്ടങ്ങൾ തള്ളുന്നയിടങ്ങളും അറവ് കേന്ദ്രങ്ങളും തെരുവുനായ്ക്കളുടെ സങ്കേതങ്ങളാണ്. കൊടുങ്ങല്ലൂർ പുഴയോരങ്ങളിൽ ഇത്തരം കാഴ്ചകൾ കാണാം.