ബൈക്കിലെത്തിയവർ അംഗൻവാടി അധ്യാപികയുടെ മാല കവർന്നു
text_fieldsകൊടുങ്ങല്ലൂർ: അംഗൻവാടി അധ്യാപികയുടെ അഞ്ച് പവൻ വരുന്ന സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്തു. പിടിവലിയിൽ അധ്യാപികയുടെ കഴുത്തിന് പരിക്കേറ്റു. ശ്രീനാരായണപുരം ആല കിഴക്ക് വശം മൂത്തുകുന്നം കളവൻപാറ സജിയുടെ ഭാര്യ ഷീനയുടെ മാലയാണ് കവർന്നത്.
തിങ്കളാഴ്ച വൈകീട്ട് 4.30 മണിയോടെ ആല-കളരിപറമ്പ് റോഡിലാണ് സംഭവം. അംഗൻവാടി വിട്ട ശേഷം കളരിപറമ്പിനടുത്ത് താമസിക്കുന്ന അമ്മയെ കാണാൻ പോകുകയായിരുന്നു ഷീന.
ബൈക്കിൽ ആദ്യം പടിഞ്ഞാറോട്ട് പോയ രണ്ടുപേർ തിരിച്ച് വന്നാണ് മാല പൊട്ടിച്ചത്. അധ്യാപിക ബഹളം വെക്കുന്നതിനിടെ മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. ദേശീയപാതയിൽ നിന്ന് അൻപതോളം മീറ്റർ ഉള്ളിലേക്ക് നീങ്ങി പഞ്ചായത്ത് റോഡിലാണ് സംഭവം. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ മതിലകം പൊലീസ് പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ചു വരുകയാണ്.