തീരദേശത്ത് ഭീതി വിതച്ച തിരുട്ട് ഗ്രാമ മോഷ്ടാക്കള്‍ പിടിയില്‍
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷൻ പരിധിയിലെ കവർച്ച പരമ്പരകളുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം മൂന്ന് തമിഴ്നാട് തിരുട്ട് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് കമ്പം സ്വദേശികളായ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്ന ആനന്ദൻ (48), ആന്ദ എന്ന ആനന്ദകുമാര്‍ (35), മാരി (45) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ തീരദേശത്ത് നടന്ന 13 മോഷണക്കേസുകളിൽ ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണ സ്വർണം വിൽക്കാൻ സഹായിച്ചതിനാണ് സ്ത്രീ അറസ്റ്റിലായത്. വിൽപന നടത്തിയ ജ്വല്ലറിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കവർച്ചകളെ തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂര്‍, മതിലകം തീരപ്രദേശങ്ങളില്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയാറാക്കി രാത്രികാല പട്രോളിങ് നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രി മതിലകം സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ മോഷണം നടത്തുന്നതിനിടെ പൊലീസ് പ്രദേശം വളയുകയും തിരച്ചില്‍ നടത്തുകയുമുണ്ടായി.
എന്നാല്‍, സംഘം വിദഗ്ധമായി രക്ഷപ്പെട്ട് മറ്റൊരുസ്ഥലത്ത് വീണ്ടും മോഷണത്തിന് ശ്രമിച്ചു. വിവരം കിട്ടിയതനുസരിച്ച് പൊലീസ് എത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. എന്നാല്‍, അതിരാവിലെ സ്ഥലത്തുകൂടി കടന്നുപോകുന്ന ബസുകളില്‍ അടക്കം തിരച്ചില്‍ നടത്തിയ പൊലീസ് സംഘം എസ്.എന്‍ പുരത്തുനിന്നും ഒരാളെ പിടികൂടി.
രണ്ടാമനെ നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പകല്‍ ഇവര്‍ കത്തി മൂര്‍ച്ച കൂട്ടാനുള്ള ഉപകരണമായും കത്തി വില്‍ക്കുന്നവരായും ആക്രിക്കാരായും ഇടവഴികളും വീടുകളും മനസ്സിലാക്കി രാത്രിയെത്തി മോഷണം നടത്തും.
പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഡിവൈ.എസ്.പി എൻ.എസ്. സലീഷിനെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ ഇ.ആർ. ബൈജു, എം.കെ. ഷാജി, എസ്.ഐമാരായ പി.സി. സുനില്‍, അജിത്ത്, രവി, രമ്യ കാർത്തികേയന്‍, ഹരോൾഡ് ജോര്‍ജ്, സുരേഷ് ലവന്‍, ശ്രീലാല്‍, സി.ആർ. പ്രദീപ്, എ.എസ്.ഐ വി.പി. ഷൈജു, എസ്.സി.പി.ഒമാരായ സി.ടി. രാജന്‍, സി.കെ. ബിജു, സുനില്‍, മനോജ്, സി.പി.ഒമാരായ എ.ബി. നിഷാന്ത്, സലിം എന്നിവരും ഉണ്ടായിരുന്നു.