ബങ്കറിൽനിന്ന് ഇറങ്ങിത്തിരിച്ച മതിലകം സ്വദേശിയായ മൂന്നാമത്തെ വിദ്യാർഥിയും വീടണഞ്ഞു
text_fieldsകൊടുങ്ങല്ലൂർ: യുദ്ധഭൂമിയിലെ ഭീതിജനകമായ അവസ്ഥക്കിടയിലൂടെ രക്ഷാമാർഗം തേടി രണ്ടും കൽപിച്ച് ഇറങ്ങിത്തിരിച്ച സംഘത്തിലെ മതിലകം സ്വദേശിയായ മൂന്നാമത്തെ വിദ്യാർഥിയും വീടണഞ്ഞു. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം പതിയാശ്ശേരി ഷെരീഫിന്റെയും ഷിജിയുടെയും മകനായ സഹീൻ ഷെരീഫാണ് ആധി നിറഞ്ഞ മനസ്സും പ്രാർഥനയുമായി കാത്തിരുന്ന കുടുംബത്തിന്റെ സന്തോഷകരമായ ആശ്ലേഷണത്തിലേക്ക് വന്ന് ചേർന്നത്. യുക്രയ്നിലെ ഖാർക്കീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ വിദ്യാർഥിയായ സഹീൻ മൂന്ന് മാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചത്.
യുദ്ധാന്തരീക്ഷം മുറുകുമ്പോഴും ഒന്നും സംഭവിക്കില്ലെന്നാണ് യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞിരുന്നത്. തന്നെയുമല്ല ക്ലാസിൽ വന്നില്ലെങ്കിൽ ആബ്സെന്റ് രേഖപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. പെടുന്നനെയാണ് റഷ്യ ആക്രമണം തുടങ്ങിയത്. ഹോസ്റ്റലും മെസ്സും ഭൂഗർഭ ബങ്കറും ഉൾപ്പെടുന്ന കെട്ടിടത്തിൽ കഴിഞ്ഞിരുന്നതിനാൽ ആദ്യമൊന്നും കാര്യമായ പ്രശ്നങ്ങൾ തോന്നിയിരുന്നില്ലെന്ന് സഹീൻ പറഞ്ഞു. തന്നെയുമല്ല വിദ്യാർഥികൾ സ്വന്തം നിലയിലും ഭഷണ പദാർഥങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാൽ, യുദ്ധം ഖാർക്കീവിലേക്ക് വ്യാപിക്കുകയും പരിസരത്ത് വരെ സ്ഫോടനങ്ങൾ ഉണ്ടാക്കുകയും ചെയ്തതോടെ ഭീതിയുടെ അന്തരീക്ഷം ഉടലെടുക്കാൻ തുടങ്ങി.
പിന്നെ ദിവസങ്ങളോളം ബങ്കർ ജീവിതമായിരുന്നു. തണുത്തുറഞ്ഞ മഞ്ഞിൽ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ദുഷ്കരമായ അവസ്ഥയായിരുന്നു ബങ്കറിൽ. ഇതിനിടെ ആക്രമണം ശക്തമാകുകയും ഒരു വിദ്യാർഥി കൊല്ലപ്പെടുകയും ചെയ്തതോടെ ഭീതി വർധിച്ചു. ഈ സാഹചര്യത്തിൽ പോലും ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ഒരു നിർദേശവും ഉണ്ടായില്ല. ഒടുവിൽ തങ്ങളുടെയെല്ലാം ഏജന്റ് കൂടിയായ എറണാകുളം കാക്കനാട് സ്വദേശിയായ ഡോ. അബ്ദുൽ വഹാബ് പകർന്ന് തന്ന ആത്മധൈര്യത്തിന്റെ പിൻബലത്തിൽ ബങ്കറും ആക്രമണം മുറുകിയ ഖാർക്കീവും വിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സഹീൻ വ്യക്തമാക്കി.
യുദ്ധത്തിന് ഒരാഴ്ച മുമ്പ് വിന്റർ ബാച്ചിനെത്തിയ വിദ്യാർഥികൾ ഉൾപ്പെടെ 200ലേറെ പേരാണ് കിട്ടിയ കാറുകളിലും നടന്നും ഒരു വിധം റെയിൽവേ സ്റ്റേഷനിലെത്തിയത്. ഏറെ നേരം കാത്തിരുന്ന ശേഷം വളരെ പ്രയാസപ്പെട്ടാണ് കയറിപ്പറ്റിയത്. 19 മണിക്കൂർ നിന്ന നിൽപിലായിരുന്നു യാത്ര ചെയ്തത്. ട്രെയിനിൽ മോശം സമീപനമാണ് യുക്രെയ്നികളിൽ നിന്നുണ്ടായത്. അവശരായാണ് ലവീവിൽ എത്തിയത്.
ശേഷം വിദ്യാർഥികൾ പല സംഘങ്ങളായി ഹങ്കറി, പോളണ്ട് അതിർത്തിയിലേക്ക് നീങ്ങുകയായിരുന്നു. പോളണ്ട് അതിർത്തി എളുപ്പത്തിൽ കടക്കാനായി. പിന്നീട് ഇന്ത്യൻ എംബസി അധികൃതർ എല്ലാം ഏർപ്പാട് ചെയ്തിരുന്നു. പോളണ്ടിൽ നിന്നാണ് ദിവസങ്ങൾക്ക് ശേഷം നല്ല ഭക്ഷണം കഴിക്കാനായതെന്നും സഹീൻ പറഞ്ഞു. അവിടെ നിന്നും ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്.
ഘാസിയാബാദ് താവളത്തിൽ ഇറങ്ങിയ ശേഷം ഡൽഹിയിലെ കേരള ഹൗസിൽ ബസിലെത്തി. തുടർ സംസ്ഥാന സർക്കാറിന്റെ ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലും ഇറങ്ങി.