കെ.എസ്.ആർ.ടി.സി സർവിസ് ജനോപകാരപ്രദമാക്കണമെന്ന് ആവശ്യം
text_fieldsകൊടുങ്ങല്ലൂർ: നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ സെന്ററുകളിൽനിന്ന് കൊടുങ്ങല്ലൂർ, തൃപ്രയാർ, കാഞ്ഞാണി, തൃശൂർ വഴി കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ നാല് ഇന്റർസ്റ്റേറ്റ് സർവിസുകളിൽ രണ്ടെണ്ണം കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഊരകം, തൃശൂർ വഴി തിരിച്ചുവിടണമെന്ന് കൊടുങ്ങല്ലൂർ തൃശൂർ പാസഞ്ചേഴ്സ് ഫോറം ഗതാഗത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിൽനിന്ന് തൃശൂർ വഴി കോയമ്പത്തൂരിലേക്കുള്ള രണ്ട് സർവിസുകൾ കൊടുങ്ങല്ലൂരിലേക്ക് നീട്ടണം.
രാത്രി മൂന്നിന് ശേഷം കൊടുങ്ങല്ലൂരിൽനിന്ന് ഇരിങ്ങാലക്കുട വഴി തൃശൂരിലേക്കും തിരിച്ചും ബസ് സർവിസുകളുടെ അപര്യാപ്തയുണ്ട്. ഇതുപരിഗണിച്ച് ഈ സമയത്ത് തൃശൂരിൽനിന്ന് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പറവൂർ വഴി എറണാകുളത്തേക്ക് തിരിച്ചും രണ്ട് സർവിസുകൾ ആരംഭിക്കണമെന്നും ഫോറം ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.എ. സീതി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.എം. അഷ്റഫ് ആമുഖ പ്രസംഗം നടത്തി. വി.ആർ. രഞ്ജിത്, ടി.കെ. ഇബ്രാഹിം, കെ.ടി. സുബ്രഹ്മണ്യൻ, കെ. അജിത. പി.ജി. പാർത്ഥസാരഥി, ഹരി തേജസ്, പി.കെ. ജസീൽ എന്നിവർ സംസാരിച്ചു.

