കൊടുങ്ങല്ലൂർ മേഖലയിൽ മോഷണം പതിവാകുന്നു
text_fieldsകൊടുങ്ങല്ലൂർ: മേഖലയിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. തൃക്കുലശേഖരപുരത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നു. തൃക്കുലശേഖരപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. ക്ഷേത്രത്തിനകത്തുള്ള മൂന്ന് ഭണ്ഡാരങ്ങളും പുറത്തുള്ള ഒരു ഭണ്ഡാരവുമാണ് കുത്തിത്തുറന്നിട്ടുള്ളത്.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ഏതാനും ദിവസം മുമ്പ് ശ്രീ നാരായണപുരം ആലയിൽ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കവർന്നിരുന്നു. കഴിഞ്ഞ ഒമ്പതിന് ടി.കെ.എസ് പുരം തിരുമുപ്പത്ത് റോഡിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ആലിങ്ങപ്പൊക്കം ആനന്ദന്റെ വീട്ടിൽ മോഷണം നടന്നിരുന്നു. വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്നായിരുന്നു മോഷണം. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കമുള്ള സ്വർണാഭരണങ്ങളും മുന്നൂറ് രൂപയും നഷ്ടപ്പെട്ടിരുന്നു. തീരമേഖലയിൽ വീണ്ടും മോഷണം ഏറിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

