ഉദ്വേഗജനകമീ കൊടുങ്ങല്ലൂർ പോരാട്ടം
text_fieldsകൊടുങ്ങല്ലൂർ: നഗരസഭയുടെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഉദ്വേഗജനകമാണ് ഈ തവണത്തെ തദ്ദേശ പോരാട്ടം. നഗരവാസികൾ മാത്രമല്ല പുറത്തുള്ളവരും കൊടുങ്ങല്ലൂരിൽ ആര് ജയിക്കും എന്ന് ആകാംക്ഷപൂർവം ഉറ്റ് നോക്കുന്നവരാണ്. ഈ ആകാംക്ഷ സംസ്ഥാനത്തോളം നീളുന്നതാണ്. കഴിഞ്ഞ രണ്ടുതവണ ഭരണം പിടിക്കാൻ മോഹിച്ച ബി.ജെ.പി 2020ൽ സ്വപ്ന സാഫല്യത്തിന്റെ അരികിലെത്തിയിരുന്നു. എൽ.ഡി.എഫ് -22, ബി.ജെ.പി -21, കോൺഗ്രസ് -1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഈയൊരു പശ്ചാത്തലത്തിലാണ് ചരിത്ര സവിശേഷതകളുടെ സംഗമ ഭൂമിയായ കൊടുങ്ങല്ലൂരിന്റെ ഈ തവണത്തെ തെരഞ്ഞെടുപ്പ് അങ്കത്തിന് ആകാംക്ഷയും രാഷ്ട്രീയ പ്രസക്തിയും ഏറ്റുന്നത്.
ഇന്ത്യൻ കമ്യൂണിസത്തിന്റെ ചരിത്രപ്രധാന്യമേറിയ മണ്ണായ കൊടുങ്ങല്ലൂർ വിട്ടു കൈവിടുകയെന്നത് എൽ.ഡി.എഫിന് അഭിമാന പ്രശ്നം കൂടിയാണ്. മതേതരത്വത്തിന് വെല്ലുവിളിയും. അതുകൊണ്ടുതന്നെ മുൻപൊന്നും കാണാത്ത അതി ജാഗ്രതയോടെയാണ് ഇടതു മുന്നണി ഈ തവണ കൊടുങ്ങല്ലൂർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ ഈ കാര്യത്തിൽ ബി.ജെ.പിയാണ് മികച്ച് നിന്നത്. ഈ തവണ യു.ഡി.എഫും മോശമായിരുന്നില്ല. ഈ പശ്ചാത്തലത്തോടൊപ്പം എൽ.ഡി.എഫിന് അതീതമായ വോട്ടുകൾ കൂടി പ്രതീക്ഷിക്കുന്ന എൽ.ഡി.എഫ് ഭരണം നിലനിർത്താനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. 46 അംഗ നഗരസഭയിൽ 26 മുതൽ മേലോട്ടാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്ന സീറ്റ്.
അതേസമയം, ബി.ജെ.പി 30ലേറെ സീറ്റ് നേടി കൊടുങ്ങല്ലൂർ പിടിക്കാനാകുമെന്ന വിശ്വാസത്തിലുമാണ്. ഇത്തവണ മിക്ക വാർഡുകളിലും നന്നായി പ്രവർത്തിച്ച കോൺഗ്രസിന് നില മെച്ചപ്പെടുത്തുന്നതിനോടൊപ്പം നഗരസഭയിൽ നിർണായക ശക്തിയാകുക എന്ന ലക്ഷ്യമാണുള്ളത്. അത് നേടാനാകുമെന്ന് അവർ കണക്കുകൂട്ടുന്നു. ഇതിനിടെ മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കരുതെന്ന ആഹ്വാനവുമായി കൊടുങ്ങല്ലൂരിലെ കലാ സാംസ്കാരിക സാമൂഹ്യ സാഹിത്യ വ്യക്തിത്വങ്ങൾ പുറത്തിറക്കിയ അഭ്യർഥനയുമായി വ്യത്യസ്തമായ കാമ്പയിനും നഗരസഭ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

