ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയുടെ മാല കവർന്നയാൾ പിടിയിൽ
text_fieldsശശി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ചന്തപ്പുര പടിഞ്ഞാറ് തണ്ടാംകുളത്ത് സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കോഴിശ്ശേരി കണ്ണന്റെ ഭാര്യ ലയയുടെ ഏഴുപവൻ മാല കവർന്ന കേസിൽ കൊല്ലം അഞ്ചാലംമൂട് സ്വദേശി കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശിയാണ് (48) പിടിയിലായത്.
മറ്റൊരു കേസിൽ കൊട്ടാരക്കരയിൽ അറസ്റ്റിലായ ഇയാളെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽനിന്ന് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ കെ. അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ജനുവരി 14നാണ് തണ്ടാംകുളത്ത് വെച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ മാല കവർന്നത്.
ആനാപ്പുഴയിൽ വിവാഹത്തിൽ പങ്കെടുക്കാൻ മക്കളോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ലയ. ഇവരെ പിന്തുടർന്ന് മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.