സ്വർണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsഅഖിൽ
കൊടുങ്ങല്ലൂർ: സ്വർണവും പണവുമുള്ള ബാഗുകൾ മോഷ്ടിക്കുന്നത് പതിവാക്കിയയാളെ പൊലീസ് വലയിലാക്കി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്ര മൈതാനിയിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിന്‍റെ ചില്ല് പൊട്ടിച്ച് ബാഗ് മോഷ്ടിച്ചത് ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ ഇരിങ്ങാലക്കുട പൂമംഗലം എടക്കുളം കുണ്ടൂർ വീട്ടിൽ അഖിലാണ് (28) പിടിയിലായത്.
സംശയകരമായ സാഹചര്യത്തിൽ നമ്പർപ്ലേറ്റ് മാറ്റിയെഴുതിയ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിന് പിൻഭാഗത്തുള്ള പ്രസ്സിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽനിന്ന് 19.5 പവൻ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ചതുൾപ്പെടെ കൊടുങ്ങല്ലുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ്
പറഞ്ഞു. കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽനിന്ന് ബാഗുകൾ മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് രൂപവത്കരിച്ച പ്രത്യേക സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സലീഷ് എൻ. ശങ്കരന്റെ നിർദേശാനുസരണം രൂപവത്കരിച്ച സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ എൻ.പി. ബിജു, രവികുമാർ, അനന്ദ്, എ.എസ്.ഐമാരായ ബിജു ജോസ്, മുഹമ്മദ് സിയാദ്, ഉല്ലാസ് പൂതോട്ട്, എസ്.സി.പി.ഒമാരായ ഡേവീസ്, സി.ടി. രാജൻ, ഗോപകുമാർ പെരുവാരം, സുനിൽ പിണ്ടാണി, സി.പി.ഒമാരായ ഫൈസൽ, വിനീത് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.