പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സർക്കാറിന് മറുപടിയില്ല -പ്രതിപക്ഷ നേതാവ്
text_fieldsകൊടുങ്ങല്ലൂർ േബ്ലാക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘കെ.പി.സി.സി മിഷൻ 24’ ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം
ചെയ്യുന്നു
കൊടുങ്ങല്ലൂർ: എൽ.ഡി.എഫിന്റെ ഓരോ മന്ത്രിസഭയുടെ കാലത്തും അദ്ഭുതപ്പെടുത്തുന്ന അഴിമതിയാണ് കേരള ജനതക്ക് ബോധ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘കെ.പി.സി.സി മിഷൻ 24’ ബ്ലോക്ക് തല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും വലിയ അഴിമതി എ.ഐ കാമറ പദ്ധതിയാണ്. ഇത് അഴിമതിയുടെ ഉദാഹരണമായി പാർട്ടി പ്രവർത്തകർ ജനങ്ങളെ ബോധ്യപ്പെടുത്തണം.
സർക്കാറിന്റെ ഈ കൊടും അഴിമതിക്കെതിരെ ജനങ്ങളെ മുൻനിർത്തി സമര രംഗത്ത് ഇറങ്ങാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ് പിണറായി സർക്കാറെന്നും വി.ഡി. സതീശൻ പറഞ്ഞു.
ബെന്നി ബെഹന്നാൻ എം.പി ക്യാമ്പിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ ആശയ വിനിമയം നടത്തി. ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് പി.യു. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ഉൾപ്പടെ ബൂത്ത്തല പ്രവർത്തനങ്ങളെക്കുറിച്ച് റിട്ട. തഹസിൽദാർ എ.കെ. പവിത്രൻ ക്ലാസ്സെടുത്തു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസന്റ്, മുൻ എം.എൽ.എ പി.ജെ. ജോയി, ജോസഫ് ചാലിശ്ശേരി, സി.ഒ. ജേക്കബ്, ടി.എം. നാസർ, അഡ്വ: വി.എം. മൊഹിയുദ്ദിൻ, എ.എ. അഷറഫ്, സി.സി. ബാബുരാജ്, പി.ഡി. ജോസ്, വി.എൻ. സജീവൻ എന്നിവർ സംസാരിച്ചു.