ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല കവർന്നു
text_fieldsകൊടുങ്ങല്ലൂർ: ഭാര്യയുടെ മാല കവർന്ന മോഷ്ടാവിനെ കീഴ്പ്പെടുത്താനുള്ള ഭർത്താവിന്റെ ശ്രമം വിഫലമായി. ബലപ്രയോഗത്തിനിടെ ഭർത്താവിനെ തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെട്ടു. മേത്തലപ്പാടം അയ്യപ്പക്ഷേത്രത്തിന് സമീപം തേവാലിൽ റോയിയുടെ വീട്ടിലായിരുന്നു സംഭവം. റോയിയുടെ ഭാര്യ സിന്ധുവിന്റെ രണ്ടുപവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്നിരുന്ന സിന്ധുവിന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഭാര്യയുടെ ഒച്ച കേട്ടുണർന്ന റോയി മോഷ്ടാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും തള്ളിവീഴ്ത്തി രക്ഷപ്പെട്ടു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കൊടുങ്ങല്ലൂർ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.