കൊലക്കേസ് പ്രതിയെ രണ്ട് വർഷത്തിന് ശേഷം ഒഡീഷയിൽനിന്ന് പിടികൂടി
text_fieldsനബ്ബാ മാലിക്ക്
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻബസാറിൽ രണ്ട് വർഷം മുൻപ് നടന്ന കൊലപാതക കേസിലെ പിടികിട്ടാപുള്ളികളിലൊരാളായ പ്രതിയെ മതിലകം എസ്.ഐ വി.വി. വിമലിെൻറ നേതൃത്വത്തിലുള്ള പൊലീസ് ടീം ഒഡീഷയിൽ നിന്ന് പിടികൂടി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ലെട്ടാപ്പിള്ളി വില്ലേജിലെ താമസക്കാരനായ നബ്ബാ മാലിക്ക് (28) ആണ് പിടിയിലായത്.
കേസിലെ മൂന്നാം പ്രതിയായ ഇയാൾ നേരത്തേ പിടിയിലായ ഒന്നാം പ്രതി തുഫാൻ മാലിക്കിെൻറ സഹോദരനാണ്. കേസിൽ മൂന്ന് പ്രതികളെ കൂടി കിട്ടാനുണ്ട്. ശ്രീനാരായണപുരം പി. വെമ്പല്ലൂരിൽ ചന്ദനക്ക് സമീപം മനയത്ത് വിജിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബർ 26നാണ് കേസിനാസ്പദമായ സംഭവം.
വിജിത്തിനെ കാണാതായതിനെ തുടർന്ന് നടന്ന തിരച്ചിലിനൊടുവിൽ ശ്രീനാരായണപുരം കട്ടൻ ബസാറിൽ പ്രതികളായ ഒഡീഷക്കാർ താമസിച്ചിരുന്ന ഒറ്റമുറി വീടിെൻറ പരിസരത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കെട്ടിട നിർമാണ പണിക്കാരായ ഒഡീഷക്കാരോടൊപ്പം വിജിത്ത് ഇടക്ക് ഹെൽപ്പറായി പോയിരുന്നു.
അവരുടെ താമസ സ്ഥലത്തെ സന്ദർശകനുമായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു വിജിത്തിെൻറ ബന്ധു ആ ഭാഗത്ത് തിരച്ചിൽ നടത്തിയത്. സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതികൾ ഒഡീഷയിലേക്ക് കടന്നിരുന്നു. പിറകെ പുറപ്പെട്ട പ്രത്യേക സംഘമാണ് ഒന്നാം പ്രതിയെ പിടികൂടിയത്. മറ്റുള്ളവർ കാടുകയറി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ 18ന് സി.പി.ഒ. ആൻറണിയോടൊപ്പം ഒഡീഷയിലേക്ക് തിരിച്ച മതിലകം എസ്.ഐ വി.വി. വിമൽ അവിടത്തെ പൊലീസിെൻറ കൂടി സഹകരണത്തോടെയാണ് മൂന്നാം പ്രതിയെ പിടിച്ചത്.