ടി.എൻ. ജോയിയുടെ ജീവിതം സിനിമയാകുന്നു; ജോയ് മാത്യു നായകൻ
text_fieldsടി.എൻ. ജോയി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിെൻറയും കേരളത്തിെൻറയും സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തിൽ വൈവിധ്യപൂർണമായ ജീവിതത്തിലൂടെ സ്വയം അടയാളപ്പെടുത്തിയ ടി.എൻ. ജോയി എന്ന നജ്മൽ ബാബുവിെൻറ ജീവിതം ജനകീയ സിനിമയാകുന്നു. ജോയിയുടെ ത്രികാല ജീവിതത്തിെൻറ രണ്ടാം ഘട്ടം മുതലാണ് സിനിമയുടെ ഇതിവൃത്തമാകുന്നത്.
51ാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'താഹിറ' ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒരുക്കിയ സിദ്ദീക്ക് പറവൂരാണ് ജോയിയുടെ ജീവിതം ചലച്ചിത്രമാക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിങ്ങും കാമറയും സിദ്ദീക്കാണ് നിർവഹിക്കുന്നത്.
'മരിക്കാൻ മറന്ന ഒരാൾ' എന്ന് പേരിട്ട സിനിമയിൽ നടൻ ജോയ് മാത്യുവിനെയാണ് ടി.എൻ. ജോയിയുടെ വേഷത്തിലേക്ക് പരിഗണിക്കുന്നത്. മുസിരിസ് മൂവീസിെൻറ ബാനറിൽ മെമ്മറി റിക്രിയേഷൻസ് നിർമിക്കുന്ന ചിത്രം ജനകീയ പങ്കാളിത്തത്തോടെ ഒരുക്കും. ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സിനിമ ടി.എൻ. ജോയിയുടെ അടുത്ത ഓർമ ദിനത്തിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സിദ്ദീക്ക് പറവൂർ പറഞ്ഞു.