
പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി 'ആത്മഹത്യ'; പാലത്തിൽനിന്ന് ചാടിയെന്ന് കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തി
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): കോട്ടപ്പുറം പാലത്തിൽനിന്ന് പുഴയിൽ ചാടിയെന്ന് കരുതിയ യുവതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിന് പിറകെ ഇരിങ്ങാലക്കുടയിൽ ജീവനോടെ കണ്ടെത്തി. തിരുത്തിപ്പുറം സ്വദേശിനിയായ 27കാരിയാണ് നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ 'കോട്ടപ്പുറം പാലത്തിൽ നിന്നു ചാടുന്നു' എന്ന് പറഞ്ഞ് യുവതി അമ്മക്ക് ഫോൺ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വീട്ടുകാർ ഉടൻ വടക്കേക്കര പൊലീസിൽ വിവരം അറിയിച്ചു. ഉടൻ കൊടുങ്ങല്ലൂർ പൊലീസിലും വിവരമെത്തി. വേഗത്തിൽ പാലത്തിലെത്തിയ കൊടുങ്ങല്ലൂർ പൊലീസ് യുവതിയുടെ ബാഗും അതിൽ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. പരിസരത്ത് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ യുവതി ചാടിയതായി ഏറക്കുറെ ഉറപ്പിച്ച പൊലീസ് ഫയർ ഫോഴ്സിൽ വിവരം നൽകി.
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അഴീക്കോട് തീരദേശ പൊലീസിെൻറ ബോട്ടും കടലോര ജാഗ്രത സമിതി അംഗങ്ങളും പുഴയിൽ വൈകീട്ടു വരെ തിരച്ചിൽ നടത്തി. അതേസമയം, സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ യുവതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജീവനോടെ ഇരിങ്ങാലക്കുടയിൽ ഉണ്ടെന്ന് വിവരം കിട്ടിയത്. തുടർന്ന് രാത്രിയോടെ പൊലീസ് യുവതിയെ കണ്ടെത്തിയപ്പോഴാണ് ആത്മഹത്യ നീക്കത്തിെൻറ ബാക്കി ഭാഗം അറിയുന്നത്.
കായലിലേക്ക് ചാടാൻ പാലത്തിെൻറ കൈവരിയിൽ കയറിയ യുവതിക്ക് മനംമാറ്റം ഉണ്ടാകുകയായിരുന്നു. ഇതോടെ പിന്തിരിഞ്ഞ യുവതി ബാഗിലുണ്ടായിരുന്ന പണമെടുത്ത ശേഷം ബാഗ് ഉപേക്ഷിച്ച് നടന്നുനീങ്ങുകയും ബസ് കയറി ഇരിങ്ങാലക്കുടയിൽ എത്തുകയുമായിരുന്നു. യുവതി പാലത്തിൽ ചാടാൻ നിൽക്കുന്നത് അതുവഴി പോയ ബൈക്കുകാർ കണ്ടിരുന്നു.
പാലം കടന്നുള്ള സ്ഥലത്തുള്ള ലോട്ടറി വിൽപനക്കാരോട് യുവതി പുഴയിൽ ചാടിയതായി പറയുകയും ചെയ്തിരുന്നു. ഈ വിവരമാണ് കൊടുങ്ങല്ലൂർ പൊലീസിനും ലഭിച്ചത്. ഒടുവിൽ ഭർതൃമതിയും കൊച്ചുകുട്ടിയുടെ മാതാവുമായ യുവതിയെ വീട്ടുകാരോടൊപ്പം വിട്ടതോടെയാണ് പൊലീസിനും ആശ്വാസമായത്.