ദേശപ്പെരുമയുടെ മഹോത്സവം നാലാം നാളിലേക്ക്
text_fieldsമൂന്നാം താലപ്പൊലി നാളിൽ കൊടുങ്ങല്ലൂരിൽ നടന്ന പകൽപൂരം
കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവിൽ ദേശപ്പെരുമയുടെ മഹോത്സവം പൊലിമയോടെ നാലാം നാളിലേക്ക്. ആചാരാനുഷ്ഠാനങ്ങളും താളമേള വർണങ്ങളും കലാ-സാംസ്കാരിക പരിപാടികളും സമന്വയിക്കുന്ന മുസിരിസിന്റെ മഹോത്സവം മൂന്നാംദിനവും ജനം ഏറ്റെടുത്തു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അധികൃതർ വീണ്ടും കോവിഡ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ഉത്സവ പ്രേമികളുടെ വരവിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. പകൽ പൂരമായിരുന്നു മൂന്നാം നാളിലെ ആകർഷകമായ ഇനം. കോവിഡിന്റെ ആശങ്കയേതുമില്ലാതെ മേളപ്പെരുക്കത്തോടൊപ്പം ജനം താളമിട്ടു. ചരിത്രപരമായ പ്രധാന്യത്തോടെ എടവിലങ്ങ് പതിനെട്ടരയാളത്ത് നിന്നായിരുന്നു രാത്രി എഴുന്നള്ളിപ്പ്. നവരാത്രി മണ്ഡപത്തിൽ അരങ്ങേറിയ കൂടിയാട്ടവും നൃത്തശിൽപവും കലാവിരുന്നായി.
നാലാം താലപ്പൊലി നാളിൽ രാവിലെ 10ന് കാത്തോളിൽ അച്യുതമേനോൻ സ്മാരക അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ് നടക്കും. ഉച്ചക്ക് ഒന്നോടെ പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും.