വ്യാപാര സ്ഥാപനത്തിൽ മൂന്നു മാസത്തിനിടെ ആറാം മോഷണവും നശീകരണവും
text_fieldsപണം കൊണ്ടുപോയ മോഷ്ടാക്കൾ മുട്ടയും മറ്റും നശിപ്പിച്ച നിലയിൽ
കൊടുങ്ങല്ലൂർ: മേത്തല കീഴ്ത്തളിയിൽ വ്യാപാര സ്ഥാപനത്തിൽ മൂന്നു മാസത്തിനുള്ളിൽ ആറാം തവണയും മോഷണവും നശീകരണവും. മേത്തല കളപ്പുരക്കൽ കെ.എൻ. വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള കെ.എൻ.ആർ സ്റ്റോഴ്സിലാണ് മോഷണം
നടന്നത്.ഇത്തവണ അയ്യായിരത്തോളം രൂപയും പച്ചക്കറിയും ബാങ്ക് രേഖകളും നഷ്ടപ്പെട്ടതായി വിശ്വനാഥൻ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലോടെ ചന്തയിൽ പോകാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
കടയിൽ സൂക്ഷിച്ചിരുന്ന ഇരുപത് ട്രേ കോഴിമുട്ടയും പത്ത് ട്രേ താറാവിൻ മുട്ടയും മോഷ്ടാക്കൾ നശിപ്പിച്ചു. മറ്റു നാശനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇതുൾപ്പെടെ എണ്ണായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

