ഭക്ഷ്യോൽപാദന രംഗത്ത് സ്വയംപര്യാപ്തത അടുത്ത ലക്ഷ്യം -മന്ത്രി ചിഞ്ചുറാണി
text_fieldsമതിലകം േബ്ലാക്ക് പഞ്ചായത്തിന്റെ ‘കോഴിയും കൂടും പദ്ധതി’ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: ഭക്ഷ്യോൽപാദന രംഗത്ത് സ്വയംപര്യാപ്തത നേടിയെടുക്കുകയാണ് സർക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ '100 കോഴിയും കൂടും' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുട്ട, മാംസം, പാൽ, പച്ചക്കറി തുടങ്ങിയവയുടെ ഉൽപാദന വർധനവിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചത്. പാലുൽപാദനരംഗം സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിനരികിൽ എത്തിക്കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലുള്ള 25 യൂനിറ്റുകൾക്ക് 100 കോഴി വീതവും കൂടുകളുമാണ് വിതരണം ചെയ്യുന്നത്. യൂനിറ്റിന് 90,000 രൂപ ചെലവ് വരുന്ന പദ്ധതിയിലേക്ക് 5000 രൂപയാണ് ഉപഭോക്താക്കൾ അടക്കേണ്ടത്.
ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്. മോഹനൻ, ശോഭന രവി, ടി.കെ. ചന്ദ്രബാബു, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, സ്ഥിരം സമിതി അധ്യക്ഷ ഷീജ ബാബു, ബി.ഡി.ഒ എം.എസ്. വിജയ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.