യുദ്ധഭൂമിയിൽനിന്ന് സെബിനും അലീനയും സുരക്ഷിതമായി നാട്ടിലെത്തി
text_fieldsഅലീനയുടേയും സെബിെൻറയും വീട് സന്ദർശിക്കുന്ന മുരളി പെരുനെല്ലി എം.എൽ.എ
അരിമ്പൂർ: റഷ്യൻ ആക്രമണം രൂക്ഷമായ യുക്രെയ്നിൽ പെട്രോ മൊയ്ല ബ്ലാക്ക് സീ നാഷനൽ യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളും അരിമ്പൂർ സ്വദേശികളുമായ സി.കെ. സെബിൻ, അലീന ജോസ് താണിക്കൽ എന്നിവർ നാട്ടിൽ സുരക്ഷിതരായി മടങ്ങിയെത്തി. അലീന മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും സെബിൻ രണ്ടാം വർഷ വിദ്യാർഥിയുമാണ്. അലീനയുടെ നാട്ടിലേക്കുള്ള യാത്രയിൽ പ്രയാസങ്ങളൊന്നുമുണ്ടായില്ലെന്ന് മാതാപിതാക്കളായ ജോസും ഷെൽവിയും പറഞ്ഞു.
എന്നാൽ, സെബിെൻറ യാത്ര ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. മൈകോലേവിലെ സെബിെൻറ ഷെൽട്ടറിനോട് ചേർന്നുള്ള ഇരുഭാഗത്തെയും രണ്ട് പാലങ്ങൾ ഷെല്ലാക്രമണത്തിൽ തകർന്നതോടെ സെബിനും സഹപാഠികളും തീർത്തും ഒറ്റപ്പെട്ടു.
ഏറെ ശ്രമകരമായ പരിശ്രമത്തിലൂടെ മണിക്കൂറുകൾ ദുർഘട പാത താണ്ടിയാണ് ഇവർക്ക് പുറത്തു കടക്കാനായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ സെബിനെ അപ്പൻ ചാലിശ്ശേരി കുറ്റൂക്കാരൻ കൊച്ചുപോളും അമ്മ ബിനുവും ചേർന്ന് ആനന്ദക്കണ്ണീരോടെ സ്വീകരിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, ലോക്കൽ സെക്രട്ടറി കെ.ആർ. ബാബുരാജ് എന്നിവരും ഇവരെ സന്ദർശിച്ചു.