പുലിക്കായി തിരച്ചിൽ; കണ്ടത് കാട്ടുപൂച്ചയെ
text_fieldsകൊടുങ്ങല്ലൂർ: പുല്ലൂറ്റ് മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. തിരച്ചിലിനൊടുവിൽ ഓടിമറയുന്ന കാട്ടുപൂച്ചയെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് പുല്ലൂറ്റ് തൈവെപ്പ് ഭാഗത്ത് കുറ്റിക്കാട്ടിൽ പുലിയോട് സാമ്യമുള്ള ജീവിയെ കെട്ടിടനിർമാണ തൊഴിലാളിയായ എടവിലങ്ങ് സ്വദേശി ജയേഷ് കണ്ടത്.
വീടുനിർമാണ ജോലിക്കിടെ വിശ്രമിക്കുന്നതിനിടയിലാണ് സമീപത്തെ ആളൊഴിഞ്ഞപറമ്പിലെ കാടുപടലങ്ങൾക്കുള്ളിൽ ജീവി പ്രത്യക്ഷപ്പെട്ടത്. പുലിയാണെന്ന ധാരണയിൽ ഇയാൾ കൂട്ടുകാരനോടൊപ്പം പണി നടക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. പിന്നീട് വി.ആർ. സുനിൽ കുമാർ എം.എൽ.എയും വാർഡ് കൗൺസിലർ കവിത മധുവും സ്ഥലത്തെത്തി മണ്ണുമാന്തി ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ചു. ഇതിനിടെ ഒരു കാട്ടുപൂച്ച ഇവിടെ നിന്നും ഓടിരക്ഷപ്പെടുന്നതാണ് കണ്ടത്. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ കാൽപാടുകൾ പരിശോധിച്ച് കാട്ടപൂച്ചയെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, താൻ കണ്ടത് യഥാർഥ പുലിയെയാണെന്നാണ് ജയേഷ് പറയുന്നത്. പുഴയോരമായ തൈവെപ്പ് കണ്ടൽക്കാടുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശമാണ്. ഈ ഭാഗത്ത് നിന്നും ഈയിടെ മലമ്പാമ്പിനെ പിടികൂടിയിരുന്നു. സമീപത്തെ കോഴികുളങ്ങരയിൽ കഴിഞ്ഞ വർഷം ഒരു വീട്ടിലെ ആടുകളെ അജ്ഞാത ജീവി കൊന്നിരുന്നു.