സാഗർ കവച് മോക്ഡ്രിൽ പൂർത്തിയാക്കി
text_fieldsതൃശൂർ: തീരദേശം വഴിയുള്ള തീവ്രവാദ നുഴഞ്ഞുകയറ്റവും ആക്രമണവും തടയാനും ജാഗ്രത ശക്തമാക്കാനുമുള്ള സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി നടത്തിയ സാഗർ കവച് മോക് ഡ്രിൽ കൊടുങ്ങല്ലൂരിന്റെ തീരദേശത്ത് പൂർത്തിയായി. മോക്ക്ഡ്രില്ലിൽ റെഡ്ഫോഴ്സ് ടീമിനെ അഴീക്കോട് കോസ്റ്റൽ പോലീസ് പിടികൂടി. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിൽ നിന്നും അഞ്ച് നോട്ടിക്കൽ മൈൽ മാറിയാണ് ഇവരെ പിടികൂടിയത്.
നാവികസേന, തീരദേശ സുരക്ഷാ സേന, കസ്റ്റംസ്, ഇൻറലിജൻസ് ബ്യൂറോ, പൊലീസ്, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെൻറ് വിജിലൻസ്, ഫിഷറീസ്, കടലോര ജാഗ്രതാ സമിതി, തുറമുഖ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സാഗർ കവച് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കടലോരത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കൂടാതെ കൊടുങ്ങല്ലൂർ ക്ഷേത്രം, ചേരമാൻ ജുമാമസ്ജിദ് മിനി സിവിൽ സ്റ്റേഷൻ കോട്ടപ്പുറം പാലം എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. അഴീക്കോട് അഴിമുഖത്തിലൂടെ കടന്നുപോയ മുഴുവൻ ബോട്ടുകളും വള്ളങ്ങളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷയുടെ ഭാഗമായി തീരദേശ പൊസിെൻറ രണ്ട് ബോട്ടുകളും 24 മണിക്കൂറും കടലിൽ നിരീക്ഷണത്തിലാണ്.
അഴീക്കോട് കോസ്റ്റൽ പൊലീസ് സി.ഐ ടി.ജി. ദിലീപിെൻറ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഗ്രേഡ് എ.എസ്ഐ ജോഷി, ജി.എസ്.സി.പി.ഒ റെനി, സ്രാങ്ക് പ്രദീപ്, എഞ്ചിൻ ഡ്രൈവർ സുജിത്ത് കുമാർ, മറൈൻ ഹോം ഗാർഡ് ശരത്, കോസ്റ്റൽ വാർഡൻ അക്ഷയ് കുമാർ എന്നിവരടങ്ങിയ പട്രോളിംഗ് പാർട്ടിയാണ് റെഡ് ഫോഴ്‌സ് ടീമിനെ പിടികൂടിയത്.