റോൾബാളിൽ സൂപ്പറാണ് സാധിക രാജ്
text_fieldsസാധിക രാജ്
കൊടുങ്ങല്ലൂർ: റോൾബാളിൽ മിന്നുംപ്രകടനം കാഴ്ചവെച്ച് നാടിന്റെ അഭിമാനതാരമായി സാധിക രാജ്. തീരദേശ മേഖലയിൽ ഇനിയും വേണ്ടത്ര പ്രചാരം നേടിയിട്ടില്ലാത്ത ഈ കായിക വിനോദത്തിൽ മികവാർന്ന പ്രകടനത്തോടെയാണ് സാധിക തിളങ്ങുന്നത്. ഇതിനകം വിവിധ തലങ്ങളിലുള്ള അംഗീകാരങ്ങൾ ഈ പ്ലസ് ടു വിദ്യാർഥിനിയെ തേടിയെത്തി.
കർണാടകയിലെ ബെൽഗാമിൽ നടന്ന ഈ വർഷത്തെ നാഷനൽ ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി വെങ്കലം നേടിയ കേരള ടീമിന് വേണ്ടി മികവുറ്റ പ്രകടനമാണ് ഈ കൗമാരക്കാരി കാഴ്ചവെച്ചത്. ഇപ്പോൾ മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
2016 മുതൽ മതിലകം ഒ.എൽ.എഫ്.ജി.എച്ച് സ്കൂളിൽനിന്ന് ഷാജഹാൻ-ഷീബ എന്നിവരുടെ മേൽനോട്ടത്തിൽ റോളർ സ്കേറ്റിങ്ങിലാണ് സാധിക പരിശീലനം ആരംഭിച്ചത്. അതോടൊപ്പം റോൾ ബാൾ കളിയും ഇൻസ്ട്രക്ടർമാർ പരിശീലിപ്പിക്കുകയായിരുന്നു. പിന്നീട് ഈ ഇനത്തിൽ മികവിന്റെ പടവുകൾ കയറുകയായിരുന്നു.
24 മണിക്കൂർ റോൾ ബാൾ കളിച്ചു നേടിയ ഗിന്നസ് വേൾഡ് റെക്കോഡ്, 96 മണിക്കൂർ കളിച്ചു കരസ്ഥമാക്കിയ ബെസ്റ്റ് ഇന്ത്യ റെക്കോഡ് എന്നിവ പിന്നിട്ട ചെറിയ കാലയളവിനുള്ളിൽ സ്വന്തമാക്കിയ നേട്ടങ്ങളിൽ ചിലതു മാത്രം.
ഇതിനിടെ നാല് തവണ സൗത്ത് സോൺ മത്സരത്തിലും നാല് തവണ ദേശീയ തലത്തിലും കേരളത്തിനു വേണ്ടി കളിച്ചു. സംസ്ഥാന സ്കൂൾ ശാസ്ത്രമേളകളിൽ വർക്കിങ് എക്സ്പീരിയൻസിൽ പനയോല കൊണ്ടുള്ള വസ്തുക്കളുണ്ടാക്കി എ ഗ്രേഡ് നേടിയിട്ടുണ്ട്. പുതുക്കാട് വള്ളുപറമ്പിൽ രാജന്റെയും പരേതയായ ശ്രീജിതയുടെയും രണ്ടാമത്തെ മകളാണ്. നാലാം വയസ്സിൽ മാതാവ് മരിച്ചതിനെ തുടർന്ന് അമ്മയുടെ മാതാപിതാക്കളായ മതിലകം മതിൽമൂല തോപ്പിൽ ശ്രീധരന്റെയും ഗീതയുടെയും സംരക്ഷണത്തിലാണ് വളർന്നത്.